സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷാ തീയതി നീട്ടാൻ സാധ്യത.
വെബ്സൈറ്റിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സിബിഎസ്ഇ അധികൃതർ നീങ്ങുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.
പകരം സജ്ജീകരിച്ചിരുന്ന ലിങ്കും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പ്രവർത്തിക്കുന്നില്ല. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത പകർപ്പ് ആവശ്യമാണ്.
ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭിക്കാൻ 700 രൂപയും, മാർക്ക് വേരിഫിക്കേഷന് 500 രൂപയും, പുനർ മൂല്യനിർണയത്തിനായി ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ് ഫീസ്. **ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭിക്കാൻ:**
cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം ‘Apply For Answer Book’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് റോൾ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. പകർപ്പ് ലഭ്യമാകുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് അത് ഡൗൺലോഡ് ചെയ്യാം.
**മാർക്ക് വേരിഫിക്കേഷൻ നടപടികൾ:**
ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭിച്ച ശേഷം മാർക്ക് കൂട്ടിയതിൽ പിശക് ഉണ്ടോ എന്ന് പരിശോധിക്കാം. ‘cbse.gov.in’-ൽ ലോഗിൻ ചെയ്ത് ‘Apply for Re-verification’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഫീസ് അടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യാം. അക്നോളജ്മെൻ്റ് സേവ് ചെയ്തു വെക്കേണ്ടതാണ്.
**പുനർ മൂല്യനിർണയം:**
ഒരു വിഷയത്തിൽ പരമാവധി 10 ചോദ്യങ്ങൾ വരെ പുനർ മൂല്യനിർണയത്തിനായി തിരഞ്ഞെടുക്കാം. ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുമ്പോൾ, കണ്ടെത്തിയ പിശകുകൾ വിദഗ്ധർക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി രേഖപ്പെടുത്തണം.
പുനർ മൂല്യനിർണയത്തിലൂടെ ലഭിക്കുന്ന മാർക്ക് ആയിരിക്കും അന്തിമമായി കണക്കാക്കുക. ചോദ്യപേപ്പറും മാർക്കിങ് സ്കീമും താരതമ്യം ചെയ്ത് കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രം അപേക്ഷിക്കാൻ വിദ്യാർഥികളോട് നിർദ്ദേശിക്കുന്നു.
വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അപേക്ഷകരുടെ അവകാശവാദം അംഗീകരിക്കണോ എന്ന് തീരുമാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

