രാജ്യത്ത് തുടരുന്ന ഇന്ധനവില വർധനവ് സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി വിലയിരുത്തൽ. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുണ്ടായ അസ്ഥിരത മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റീപ്പോ നിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള നിർണായക നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.
പലിശ നിരക്കിലുണ്ടാകുന്ന ഈ വർധനവ് വായ്പകൾ എടുത്തിട്ടുള്ള സാധാരണക്കാരുടെ പ്രതിമാസ തിരിച്ചടവ് ബാധ്യതയെ (ഇഎംഐ) നേരിട്ട് ബാധിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു. ജൂൺ 3 മുതൽ 5 വരെയാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ സമിതി യോഗം നിശ്ചയിച്ചിരിക്കുന്നത്.
യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾ ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശ നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞതും പണപ്പെരുപ്പ സൂചികയിലെ വർധനവും ആർബിഐക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ 5.25 ശതമാനത്തിലുള്ള റീപ്പോ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും” – സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ വ്യക്തമാക്കി. സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാന വർധനയും ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതും ഇന്ത്യക്ക് അവഗണിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
റീപ്പോ നിരക്ക് വർധിക്കുന്നതോടെ ബാങ്കുകൾ ഭവന, വാഹന, പേഴ്സണൽ വായ്പകളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കാൻ സാധ്യതയുണ്ട്. ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ വായ്പയുടെ കാലാവധിയിലോ വർധനവിന് വഴിവെക്കും.
അതേസമയം, ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ നേരിയ വർധനയുണ്ടാകാൻ ഇത് സഹായകമായേക്കും. വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പാക്കുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനും ആർബിഐ നടപടികൾ ആവിഷ്കരിക്കുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്നതിലൂടെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

