രാജ്യത്തിന്റെ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആലോചിക്കുന്നു. ജൂൺ 3 മുതൽ 5 വരെ നടക്കുന്ന പണനയ സമിതിയുടെ നിർണായക യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
നിലവിൽ 5.25 ശതമാനമായ പലിശ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 97 എന്ന നിലവാരത്തിലേക്ക് താഴ്ന്നതും, യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ഇറക്കുമതിച്ചെലവിലെ വർധനയും വിദേശനാണ്യ ശേഖരത്തിലെ കുറവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെ: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും”.
ആഗോളതലത്തിൽ വിവിധ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത നടപടികളും ബോണ്ട് ആദായത്തിലെ വർധനയും ഇന്ത്യൻ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. റിപ്പോ നിരക്കിലെ വർധന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ നേരിട്ട് പ്രതിഫലിക്കും.
ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ വായ്പയുടെ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുന്നതിനോ കാരണമായേക്കാം. നിക്ഷേപകർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ ലഭിക്കാൻ ഈ നടപടി ഗുണകരമാകുമെങ്കിലും, ഓഹരി വിപണിയിൽ ഇത് വലിയ ചലനങ്ങൾക്ക് വഴിവെക്കും.
അതേസമയം, വിപണിയിലെ പണലഭ്യത നിലനിർത്തുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാൻ ആർബിഐ ഇടപെടുന്നുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ ലഭ്യമാക്കുന്ന രീതിയാണിത്.
മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ ബാങ്കുകൾക്ക് ഈ ഡോളർ തിരികെ വാങ്ങാൻ അവസരമുണ്ടായിരിക്കും. രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അടിയന്തര നടപടികളാണ് ആർബിഐ ഇപ്പോൾ സ്വീകരിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

