പൂച്ചാക്കൽ: ആയിരക്കണക്കിന് ആളുകൾക്ക് യാത്രാ സൗകര്യമൊരുക്കിയ പെരുമ്പളം പാലം അധികൃതരുടെ അവഗണനയിൽ തുടരുന്നു. കഴിഞ്ഞ മാർച്ച് 7-ന് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർണതയിൽ എത്തിയിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ജോലികൾ ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് പോലും പൂർണമായിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ തെരുവു വിളക്കുകൾ സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അനധികൃത പാർക്കിംഗും കച്ചവടങ്ങളും പാലത്തിന്റെ സുരക്ഷയെയും ശുചിത്വത്തെയും ബാധിക്കുന്നുണ്ട്.
പാലത്തിലും കായലിലും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയും ഉയരുന്നുണ്ട്.
പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് പ്രഖ്യാപിക്കുകയും ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സർവീസ് ആരംഭിച്ചിട്ടില്ല.
ടാറിങ് പൂർത്തിയായാൽ മാത്രമേ ബസ് സർവീസ് ആരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം.
പാലത്തിൽ റോഡ് നിർമ്മാണ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും കുന്നുകൂട്ടിയിട്ടിരിക്കുന്നത് രാത്രിയിൽ വാഹന യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

