പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ വെച്ച് കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ ദുരൂഹത ഒഴിയാത്ത സാഹചര്യത്തിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.
പെട്രോൾ പമ്പിൽ നിന്നും യുവതിയായ സോന നേരിട്ട് ഇന്ധനം വാങ്ങിയെന്ന പ്രാഥമിക കണ്ടെത്തലുകൾ നിലനിൽക്കെ, മകളുടെ മരണത്തിൽ ആത്മഹത്യയില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. സോനയുടെ അമ്മ വസന്ത സംഭവത്തിൽ ആത്മഹത്യയെന്ന പോലീസ് നിഗമനത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു.
രജിൻ ലാൽ നിർബന്ധിച്ചതുകൊണ്ടായിരിക്കാം സോന പെട്രോൾ വാങ്ങിയതെന്ന് അവർ സംശയിക്കുന്നു. സംഭവദിവസം രാവിലെ 10.30-ന് താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കിയ സോന രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു.
ഗർഭകാലത്തുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിലായിരുന്ന സോന, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് തിരികെ പോയത്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളെ ശക്തമായി എതിർത്തു. തന്റെ മകനെ കുടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ എന്ന് രാജൻ കൂട്ടിച്ചേർത്തു.
കേസിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശാസ്ത്രീയ പരിശോധനകൾ അന്വേഷണ സംഘം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

