ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) നിഫ്റ്റി500 അഹിംസ സൂചിക പുറത്തിറക്കി. മൃഗങ്ങളോട് ക്രൂരത കാണിക്കാത്തതും സദാചാരപരമായ ബിസിനസ് രീതികൾ പിന്തുടരുന്നതുമായ കമ്പനികളെ കണ്ടെത്തി നിക്ഷേപകർക്ക് അവസരമൊരുക്കുകയാണ് ഈ പുതിയ സൂചികയുടെ ലക്ഷ്യം.
അഹിംസഗെയിൻ ഫൗണ്ടേഷന്റെ അഹിംസ ഇൻവെസ്റ്റ്മെന്റ് മൂവ്മെന്റ് (എഐഎം) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കമ്പനികളെ സൂചികയിലേക്ക് തിരഞ്ഞെടുക്കുന്നത്. കമ്പനികളുടെ ഉൽപന്നങ്ങൾ, സേവനങ്ങൾ, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനായി ഗ്രീൻ, ഓറഞ്ച്, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി കമ്പനികളെ തരംതിരിക്കുന്നു. ഇതിൽ ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെടുന്നവയെ മാത്രമാണ് സൂചികയിൽ ഉൾപ്പെടുത്തുന്നത്.
ഭാവിയിൽ ഈ സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകളും (ETF) വിപണിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 326 കമ്പനികളാണ് ഈ സൂചികയുടെ ഭാഗമായിട്ടുള്ളത്.
ഓട്ടോമൊബൈൽ മേഖലയിൽ നിന്നുള്ള കമ്പനികളാണ് സൂചികയിൽ ഏറ്റവും കൂടുതലായുള്ളത്. ഇതിനുപുറമെ ക്യാപിറ്റൽ ഗുഡ്സ്, ഐടി, ഫിനാൻഷ്യൽ സർവീസ്, മെറ്റൽ ആൻഡ് മൈനിങ്, ടെലികമ്യൂണിക്കേഷൻ, പവർ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളും ഇതിൽ ഉൾപ്പെടുന്നു.
ഭാരതി എയർടെൽ, ഇൻഫോസിസ്, മഹീന്ദ്ര, ടിസിഎസ്, മാരുതി, എൻടിപിസി, ബിഎസ്ഇ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി എന്റർപ്രൈസസ് തുടങ്ങിയവയാണ് സൂചികയിലെ ശ്രദ്ധേയമായ കമ്പനികൾ. കൂടാതെ, കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കും ഈ പട്ടികയിൽ ഇടംപിടിക്കാനായിട്ടുണ്ട്.
കല്യാൺ ജ്വല്ലേഴ്സ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്), ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ് എന്നിവയാണ് ഈ നേട്ടം കൈവരിച്ച കേരളീയ കമ്പനികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

