പൂച്ചാക്കൽ: നിർമ്മാണത്തിലെ അപാകതകളും അധികൃതരുടെ അവഗണനയും കാരണം പെരുമ്പളം പാലം പ്രതിസന്ധിയിൽ. മാർച്ച് 7-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട
പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാകാതെ തുടരുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ടാറിങ് ജോലികൾ ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പുകൾ രണ്ട് മാസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല.
നിലവിൽ പാലത്തിലും അപ്രോച്ച് റോഡുകളിലും ഭാഗികമായ ആദ്യഘട്ട ടാറിങ് മാത്രമാണ് പൂർത്തിയായത്.
പ്രധാന നിർമ്മാണ പ്രവൃത്തികൾ നിലച്ച അവസ്ഥയിലാണ്. ഇതിനുപുറമെ, തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത് രാത്രിയാത്രക്കാർക്ക് വലിയ ഭീഷണിയുയർത്തുന്നു.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ലൈറ്റിംഗിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും തുടർനടപടികൾ ഒരിടത്തും എത്തിയിട്ടില്ല. പാലത്തിൽ നടക്കുന്ന അനധികൃത പാർക്കിംഗും കച്ചവടവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും പാലത്തിലും കായലിലും തള്ളുന്നത് പരിസ്ഥിതിക്കും വിഘാതമാകുന്നു. കൂടാതെ, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.
ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ടാറിങ് പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ സർവീസ് പുനരാരംഭിക്കൂ എന്ന നിലപാടിലാണ് അധികൃതർ.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു. റോഡ് നിർമ്മാണ യന്ത്രങ്ങളും സാമഗ്രികളും പാലത്തിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

