കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമികൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയത്.
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാവ്, വിശ്രമത്തിലായിരുന്ന സുരക്ഷാ ജീവനക്കാരനെ ബലമായി മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പിക്കാസുമായി എത്തിയ ഇയാൾ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർക്കുകയും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു.
ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതിനിടയിൽ ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തുമാണ് പ്രതി പണം കൈക്കലാക്കിയത്.
പിൻവശത്തെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി മോഷ്ടാവിനെ തടയാൻ ശ്രമിച്ചു. ഇവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” സംഭവത്തിൽ ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിലുണ്ടായ പിടിവലിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

