വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു ചീഞ്ഞുനശിക്കുന്ന ചക്കയ്ക്ക് അയൽ സംസ്ഥാനമായ കർണാടകയിൽ മികച്ച വിപണി ലഭിക്കുന്നു. ജില്ലയിലെ തോട്ടങ്ങളിൽ നിന്നും ദിവസവും ലോഡുകണക്കിന് ചക്കയാണ് കർണാടകയിലെ വിവിധ വിപണികളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. പച്ചച്ചക്ക, പഴുത്ത ചക്ക, ചുളകൾ എന്നിവയെല്ലാം ഇവിടെ സുലഭമായി വിറ്റഴിക്കപ്പെടുന്നു.
പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയും, ഒരു ചക്കച്ചുളയ്ക്ക് 6 രൂപയുമാണ് വില.
ഒരു ചക്ക മുറിച്ചു വിൽക്കുമ്പോൾ കച്ചവടക്കാർക്ക് ലഭിക്കുന്നത് 500 രൂപയിലധികമാണ്. എന്നാൽ, ഇത് വിൽക്കുന്ന വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ അയൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. കനത്ത ചൂടിൽ കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ചക്ക കയറ്റുന്നത്.
വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്. ഓരോ വർഷവും ടൺ കണക്കിന് ചക്കയാണ് ഇത്തരത്തിൽ ജില്ലയിൽ നിന്നും പുറത്തേക്ക് പോകുന്നത്.
എന്നാൽ, സംസ്കരണ സൗകര്യങ്ങളോ വിപണന ശൃംഖലയോ ഇല്ലാത്തതിനാൽ ജില്ലയിലെ തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ മുഖ്യഭാഗവും പഴുത്ത് ചീഞ്ഞു നശിക്കുകയാണ് ചെയ്യുന്നത്. തികച്ചും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റു പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്.
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, പഴവർഗങ്ങൾക്കായി കാര്യക്ഷമമായ വിപണിയോ സംസ്കരണ യൂണിറ്റുകളോ ഒരുക്കാൻ സാധിക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

