രാജ്യത്ത് ഇന്ധനവിലയിലുണ്ടായ വർധനയ്ക്ക് പിന്നാലെ, സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുന്ന തരത്തിലുള്ള വെല്ലുവിളികൾ രൂക്ഷമാകുന്നു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് താഴ്ന്നതും വർധിച്ചുവരുന്ന പണപ്പെരുപ്പവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) കർശനമായ സാമ്പത്തിക നടപടികളിലേക്ക് നിർബന്ധിതമാക്കുകയാണ്.
നിലവിൽ 5.25 ശതമാനമായ റീപ്പോ നിരക്ക് 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജൂൺ 3 മുതൽ 5 വരെ നടക്കുന്ന ആർബിഐയുടെ വരാനിരിക്കുന്ന പണനയ യോഗത്തിൽ പലിശ നിരക്ക് വർധന സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി ചെലവ് വർധിക്കുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം പ്രകാരം ജൂൺ അല്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിൽ നിരക്ക് വർധനയുണ്ടാകാൻ സാധ്യതയുണ്ട്.
‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’ – ഇവർ വ്യക്തമാക്കുന്നു.
റിസർവ് ബാങ്ക് റീപ്പോ നിരക്ക് ഉയർത്തുന്ന പക്ഷം, ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ വർധന വരുത്താൻ നിർബന്ധിതമാകും. ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) തിരിച്ചടവ് കാലാവധിയിലോ വർധനവിന് വഴിവെക്കും.
അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ നേരിയ വർധനവിന് സാധ്യതയുണ്ട്. ഓഹരി വിപണിയിലും ഈ സാമ്പത്തിക തീരുമാനങ്ങൾ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പാക്കുന്നതിനായി പലിശ നിരക്ക് വർധനയ്ക്ക് പുറമെ വിവിധ നടപടികൾ ആർബിഐ ആലോചിക്കുന്നുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിലൂടെ, മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഡോളർ തിരികെ വാങ്ങാനുള്ള അവസരം ലഭിക്കും. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

