പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ്പിൽ കായലിൽ ഉല്ലാസ നൗകകൾക്കും ചെറുവള്ളങ്ങൾക്കും മാർഗതടസ്സമായി ജലോപരിതലത്തിനു കുറുകെ മാസങ്ങളായി തുടരുന്ന കേബിൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഈ കേബിൾ ആരുടേതാണ്, എന്തിനു വേണ്ടിയാണ് സ്ഥാപിച്ചത് എന്ന കാര്യത്തിൽ പോലും അധികൃതർക്ക് വ്യക്തതയില്ലെന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്.
പാലത്തിന്റെ കൈവരിയോട് ചേർന്നു സ്ഥാപിച്ചിരുന്ന കേബിളിന്റെ കൊളുത്തുകൾ ദ്രവിച്ചു പൊട്ടിയതാണ് ഇത് വെള്ളത്തിലേക്ക് വീഴാൻ കാരണം. പാലത്തിന്റെ സ്പാനുകളോട് ചേർന്നു ജലോപരിതലത്തിൽ തന്നെ കേബിൾ കിടക്കുന്നതിനാൽ നൗകകൾക്ക് ഇതുവഴി കടന്നുപോകാൻ വലിയ തടസ്സവും ഗുരുതരമായ അപകടസാധ്യതയുമുണ്ട്.
ഇതിന്റെ തൊട്ടടുത്ത പ്രദേശത്താണ് കാപ്പിൽ ബോട്ട് ക്ലബ് പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് തലത്തിൽ പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല.
കാപ്പിൽ പൊഴിഭാഗത്തേക്കും തിരികെയുമുള്ള വള്ളങ്ങളും ചെറുബോട്ടുകളും ഈ പാലത്തിനടിയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. നിലവിൽ പാലത്തിന്റെ മൂന്ന് സ്പാനുകൾക്കിടയിൽ കേബിൾ തങ്ങിനിൽക്കുന്നതിനാൽ ഒരറ്റം ചേർന്ന് മാത്രമാണ് നൗകകൾക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ കഴിയുന്നത്.
ബോട്ട് ക്ലബ്ബിന് പുറമേ പരവൂർ ഭാഗത്തുനിന്നെത്തുന്ന വിനോദയാനങ്ങൾക്കും ചെറുവള്ളങ്ങൾക്കും ഈ കേബിൾ വലിയ യാത്രാതടസ്സമാണ് സൃഷ്ടിക്കുന്നത്. ഉല്ലാസനൗക സർവീസുകൾക്ക് ഏറെ പ്രാധാന്യമുള്ള കാപ്പിൽ കായലിൽ മാസങ്ങളായി ജലോപരിതലത്തിൽ കിടക്കുന്ന ഈ കേബിൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ബോട്ട് ക്ലബ് അധികൃതർ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

