പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർത്ഥികളും ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുരുന്നുകളും കടുത്ത ദുരിതത്തിൽ.
വർഷങ്ങളായി സ്കൂളിന്റെ ഡൈനിങ് ഹാൾ അങ്കണവാടിയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി, അങ്കണവാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് നിർദേശിച്ചു.
2018-ൽ 9.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിലെ 187 കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ, നിലവിൽ അമ്പത് പേർക്ക് പോലും ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി, അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായാണ് ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. എന്നാൽ, എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഇത് സ്ഥിരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനം, ഭക്ഷണം, കളികൾ എന്നിവയെല്ലാം നിലവിൽ ഈ ഡൈനിങ് ഹാളിലാണ് നടക്കുന്നത്. പുതിയ കെട്ടിട
നിർമ്മാണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചെങ്കിലും പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി അവിടേക്ക് മാറ്റുക മാത്രമാണ് ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

