ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ പുരോഗമിക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാകുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുക്കിവിടുന്നതിനായി ഫലപ്രദമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ദേശീയപാതയിൽ അടിപ്പാതയുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറേക്ക് ഒഴുകുന്ന വെള്ളം പൂർണമായും എത്തിച്ചേരുന്നത് നെന്മണിക്കര മേഖലയിലേക്കാണ്. നിലവിൽ ഈ ജലം സുഗമമായി ഒഴുക്കിവിടാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തത് വലിയ ദുരിതത്തിന് വഴിവെക്കുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി നേരിട്ട് പരിശോധന നടത്തി.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകൾ ചെളിയും വെള്ളവും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത് അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രാ സൗകര്യത്തെ പൂർണമായും തടസ്സപ്പെടുത്തുന്നതിനോ അപകടാവസ്ഥ സൃഷ്ടിക്കുന്നതിനോ കാരണമായേക്കും.
ദേശീയപാത മറികടന്ന് വരുന്ന ജലം പുഴയിലേക്ക് ഒഴുക്കാൻ ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം അടിയന്തരമായി സജ്ജമാക്കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

