ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായി വിഭാവനം ചെയ്ത പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ മാർച്ച് 7-ന് ഉദ്ഘാടനം നടത്തിയെങ്കിലും, രണ്ട് മാസം പിന്നിട്ടിട്ടും നിർമ്മാണജോലികൾ പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് പിന്നാലെ ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ, ആദ്യഘട്ട
ടാറിങ് പോലും പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കെൽട്രോണിന് കരാർ നൽകിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, തുടർനടപടികളിൽ കാര്യമായ പുരോഗതിയില്ല.
സന്ധ്യകഴിഞ്ഞാൽ പാലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നുവെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. കൂടാതെ, പാലത്തിൽ നടക്കുന്ന അനധികൃത പാർക്കിങ്ങും കച്ചവടവും പ്രദേശത്ത് മാലിന്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കായലിലേക്ക് വലിച്ചെറിയുന്നത് കടുത്ത പാരിസ്ഥിതിക ഭീഷണിയാണ് ഉയർത്തുന്നത്. ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് നിലച്ചതും യാത്രക്കാരെ ദുരിതത്തിലാക്കി.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു.
റോഡ് നിർമ്മാണ യന്ത്രങ്ങളും മെറ്റലുകൾ അടക്കമുള്ള നിർമ്മാണ സാമഗ്രികളും പാലത്തിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

