പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലക്കയറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുന്നു. യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലെ അസ്ഥിരത നേരിടുന്നതിന്റെ ഭാഗമായി, റിപ്പോ നിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് കടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആലോചിക്കുന്നു.
ഈ നടപടി യാഥാർഥ്യമായാൽ സാധാരണക്കാരുടെ വായ്പാ തിരിച്ചടവുകളെ (ഇഎംഐ) ഇത് നേരിട്ട് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 3 മുതൽ 5 വരെ നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളും.
യുഎസ്-ഇറാൻ സംഘർഷം ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തുകയും വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, നിലവിൽ 5.25 ശതമാനമായി തുടരുന്ന റിപ്പോ നിരക്ക് 50-75 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയർത്തിയേക്കുമെന്നാണ് പ്രമുഖ വിലയിരുത്തൽ.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് താഴ്ന്നതും വർധിച്ചുവരുന്ന പണപ്പെരുപ്പവും വിപണിക്ക് കനത്ത തിരിച്ചടിയാണ്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും.” ആഗോള തലത്തിൽ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതും സർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിക്കുന്നതും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്. റിപ്പോ നിരക്കിലുണ്ടാകുന്ന വർധന ഭവന, വാഹന, പേഴ്സണൽ വായ്പകളുടെ പലിശ നിരക്കുകളിൽ പ്രതിഫലിക്കും.
ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ കാലാവധിയിലോ വർധനവിന് വഴിയൊരുക്കും. സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുമെങ്കിലും, ഓഹരി വിപണിയെ ഈ തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
വിപണിയിലെ പണലഭ്യത ഉറപ്പാക്കുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയും ആർബിഐ ആവിഷ്കരിക്കുന്നുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയാണ് ഈ തുക ലഭ്യമാക്കുന്നത്.
ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനപ്രകാരം, മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഈ ഡോളർ തിരികെ നൽകേണ്ടി വരും. രൂപയുടെ മൂല്യത്തകർച്ച തടയാനുള്ള അടിയന്തര നടപടിയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

