ഇന്ധനവില വർധനവിനൊപ്പം യുഎസ്-ഇറാൻ സംഘർഷം സൃഷ്ടിച്ച ഇറക്കുമതി ചെലവിലെ കുതിച്ചുചാട്ടം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് കനത്ത വെല്ലുവിളിയായി മാറുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ റിപ്പോ നിരക്കുകളിൽ വർധന വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗൗരവമായ ആലോചനയിലാണ്.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 നിലവാരത്തിലേക്ക് ഇടിഞ്ഞതും പണപ്പെരുപ്പത്തിലെ വർധനവും സമ്പദ്വ്യവസ്ഥയെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ജൂൺ 3 മുതൽ 5 വരെ നടക്കുന്ന ആർബിഐയുടെ പണനയ സമിതി യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ 5.25 ശതമാനമുള്ള പലിശ നിരക്കിൽ 50-75 ബിപിഎസ് വരെ വർധനവ് ഉണ്ടായേക്കാം. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: ‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’. സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കിലെ വർധനയും ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന കർശന നിലപാടും ഇന്ത്യയ്ക്ക് അവഗണിക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
റിപ്പോ നിരക്ക് വർധിപ്പിക്കുന്നത് വായ്പയെടുത്ത സാധാരണക്കാരെ നേരിട്ട് ബാധിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ ഉയരുന്നതോടെ ഇഎംഐ തുകയിലോ വായ്പാ തിരിച്ചടവ് കാലാവധിയിലോ വർധനവ് ഉണ്ടായേക്കാം.
അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുന്നത് ഇടപാടുകാർക്ക് നേട്ടമാകും. ഓഹരി വിപണിയെയും ഈ തീരുമാനം കാര്യമായി സ്വാധീനിച്ചേക്കും.
വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ആർബിഐ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയായിരിക്കും ഈ തുക ലഭ്യമാക്കുക.
ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിൽ, മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഡോളർ തിരികെ വാങ്ങാൻ അവസരമുണ്ടാകും. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് സ്വീകരിക്കുന്ന സുപ്രധാന പ്രതിരോധ നടപടിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

