പാക് അധീന കശ്മീരിലെ മുസഫറാബാദിൽ വെച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഭീകരവാദി ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ അൽ-ബദറിലെ ഉന്നത കമാൻഡറായ ഇയാൾ, പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ്.
2022-ൽ കേന്ദ്ര സർക്കാർ ഇയാളെ ഔദ്യോഗികമായി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. പുൽവാമയിലെ രത്നിപോറ മേഖലയിലെ ഖർബത്പോറ സ്വദേശിയായ ബുർഹാൻ ‘ഡോക്ടർ’ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.
2017-ൽ ഉന്നത പഠനത്തിന്റെ മറവിൽ പാകിസ്ഥാനിലേക്ക് കടന്ന ഇയാൾ, പിന്നീട് അൽ-ബദറിൽ ചേർന്ന് കമാൻഡർ പദവിയിലേക്ക് ഉയരുകയായിരുന്നു. കശ്മീരിലേക്ക് മടങ്ങിയ ശേഷം തെക്കൻ കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ നിർണായക പങ്കുവഹിച്ചു.
2019 ഫെബ്രുവരി 14-ന് നടന്ന പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഹംസ ബുർഹാനുണ്ടായിരുന്നതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുന്നു. പുൽവാമയിൽ ആക്രമണം നടത്തിയവർക്ക് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും എത്തിച്ചു നൽകിയത് ഇയാളായിരുന്നു.
കൂടാതെ, 2020 നവംബർ 18-ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു പുൽവാമയിലേത്.
ജെയ്ഷെ മുഹമ്മദ് നടത്തിയ ഈ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാനിൽ ഒളിവിലിരിക്കുന്ന ഭീകരർ അജ്ഞാതരുടെ ആക്രമണത്തിന് ഇരയാകുന്നത് അടുത്തിടെ വർധിച്ചുവരികയാണ്.
ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളിലെ ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ടുള്ള നിഗൂഢ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെയും സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നത്. ലാഹോറിൽ വെച്ച് കൊല്ലപ്പെട്ട
ലഷ്കർ-ഇ-തൊയ്ബ സ്ഥാപക അംഗം അമീർ ഹംസ, മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ, ലഷ്കർ ഭീകരൻ അബു ഖത്തൽ എന്നിവരുടെ വധം പാകിസ്ഥാനിലെ സുരക്ഷാ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2023 മുതൽ ഏഴ് മാസത്തിനിടെ സമാനമായ രീതിയിൽ കുറഞ്ഞത് ഏഴ് തീവ്രവാദികളെങ്കിലും പാകിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

