ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിലെ തങ്കമ്മയുടെ വീടിനോട് ചേർന്നുള്ള മഞ്ഞക്കുറ്റി ഇന്നും ഒരു ചരിത്രസാക്ഷ്യമായി അവശേഷിക്കുന്നു. ഉപേക്ഷിക്കപ്പെട്ട
ഒരു പദ്ധതിയുടെ അടയാളമായും, ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായും ഈ കുറ്റി നിലകൊള്ളുന്നു. 2022 മാർച്ച് 14നാണ് കെ-റെയിൽ ഉദ്യോഗസ്ഥർ തങ്കമ്മയുടെ വീടിനു മുന്നിൽ ഈ കുറ്റി സ്ഥാപിച്ചത്.
ഇതേത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ സമരചരിത്രത്തിലെ സുപ്രധാന ഏടുകളായി മാറി. സർക്കാരിന്റെ പുനരധിവാസ വാഗ്ദാനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്കായി പുതിയ വീട് നിർമിച്ചു നൽകിയത്.
സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്ത വാഴകളിൽ നിന്ന് ലഭിച്ച വരുമാനവും ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയുണ്ടായി. തന്റെ പഴയ ഒറ്റമുറിക്കൂരയ്ക്ക് പിന്നിലായാണ് പുതിയ വീട് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
“വലിയ സന്തോഷമുണ്ട്. വീട് നഷ്ടപ്പെടുമെന്നതിനെക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ.
അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്. അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോോൾ സന്തോഷം’’– പദ്ധതി ഉപേക്ഷിച്ച വാർത്തയോട് തങ്കമ്മ പ്രതികരിച്ചു.
മുളക്കുഴ ജംക്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ ജനകീയ സമിതി പ്രവർത്തകർ സമരകാലത്തെ അനുഭവം പങ്കുവെച്ചു. 2022 മാർച്ച് 4ന് ഊരിക്കടവ് പാലത്തിനു സമീപം ആദ്യത്തെ മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെയാണ് ഈ മേഖലയിൽ പ്രതിഷേധം ആളിക്കത്തിയത്.
ഭൂമിയേറ്റെടുക്കലിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ പൊലീസ് നടപടികൾ, ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ് എന്നിവർ നേരിട്ട ബുദ്ധിമുട്ടുകൾ എന്നിവ യോഗത്തിൽ ഓർമ്മിക്കപ്പെട്ടു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ, സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ വിജയത്തെ സമരസമിതി പ്രവർത്തകർ വരവേറ്റു. ചെങ്ങന്നൂർ, നൂറനാട്, പള്ളിക്കൽ, വെൺമണി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ജില്ലയിലെ പ്രധാന സമരങ്ങൾ.
പടനിലം ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുത്സവത്തെ ബാധിക്കുന്ന രീതിയിലുള്ള അലൈൻമെന്റിനെതിരെയും, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി. ജില്ലയിൽ മൊത്തം 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്.
സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇതിൽ 33 കേസുകൾ പിഴയടച്ച് തീർപ്പാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

