രാജ്യത്ത് ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെ, പലിശ നിരക്ക് വർധനയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വിനിമയ നിരക്കിൽ സ്ഥിരത കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റീപ്പോ നിരക്ക് ഉയർത്തുമെന്നാണ് സൂചന.
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജൂൺ 3 മുതൽ 5 വരെ ചേരുന്ന പണനയ നിർണയ സമിതി യോഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടാകും. നിലവിൽ 5.25 ശതമാനത്തിൽ തുടരുന്ന റീപ്പോ നിരക്കിൽ 50 മുതൽ 75 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ വർധനയുണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
യുഎസ്-ഇറാൻ സംഘർഷം മൂലം വർധിച്ച ഇറക്കുമതിച്ചെലവും വിദേശനാണ്യ കരുതൽ ശേഖരത്തിലുണ്ടായ കുറവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലെത്തിയത് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും”.
ആഗോള വിപണിയിലെ ബോണ്ട് ആദായ നിരക്കിലുണ്ടായ മാറ്റങ്ങളും ആഗോള കേന്ദ്രബാങ്കുകളുടെ നയങ്ങളും ഇന്ത്യൻ വിപണിയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്. റിസർവ് ബാങ്കിന്റെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഭവന, വാഹന, പേഴ്സണൽ വായ്പകളുടെ പലിശ നിരക്കുകളിൽ നേരിട്ടുള്ള പ്രതിഫലനമുണ്ടാകും.
വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയായ (EMI) വർധിക്കുന്നതിനോ വായ്പാ കാലാവധി നീട്ടേണ്ടി വരുന്നതിനോ സാധ്യതയുണ്ട്. അതേസമയം, സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ ആദായം ലഭിക്കുന്നത് നിക്ഷേപകർക്ക് ഗുണകരമാകും.
എന്നാൽ ഓഹരി വിപണിയിൽ ഈ നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്തുന്നതിനായി വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക കർമ്മപദ്ധതികൾ ആർബിഐ ആവിഷ്കരിക്കുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനാണ് റിസർവ് ബാങ്കിന്റെ നീക്കം. ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിൽ, മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾ ഡോളർ തിരികെ വാങ്ങേണ്ടതുണ്ട്.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ഇത്തരം നടപടികൾ വരും ദിവസങ്ങളിൽ വിപണിയിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

