വയനാട്ടിലെ തോട്ടങ്ങളിൽ വേണ്ടത്ര വിപണന സൗകര്യങ്ങളില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നു. ജില്ലയിലെ തോട്ടങ്ങളിൽ നിന്ന് ദിവസവും വൻതോതിലാണ് ചക്ക അതിർത്തി കടന്ന് കർണാടകയിലെ വിവിധ വിപണികളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എത്തുന്നത്.
വിപണിയിൽ പഴുത്ത ചക്കയ്ക്കും ചുളകൾക്കും പച്ചച്ചക്കയ്ക്കും വലിയ തോതിലുള്ള ആവശ്യക്കാരാണുള്ളത്. കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പാതയോരങ്ങളിലെ കച്ചവടങ്ങൾ സജീവമാണ്.
നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപ എന്ന നിരക്കിലും, ഒരു ചുളയ്ക്ക് 6 രൂപ നിരക്കിലുമാണ് വിൽപ്പന നടക്കുന്നത്. വലിയൊരു ചക്ക മുറിച്ചു വിൽക്കുമ്പോൾ കച്ചവടക്കാർക്ക് 500 രൂപയിലധികം ലാഭം ലഭിക്കുമ്പോൾ, ഉൽപാദകരായ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ് എന്നത് ഈ മേഖലയിലെ വലിയൊരു പ്രതിസന്ധിയാണ്.
വയനാടൻ ചക്കകൾ ഇപ്പോൾ ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്.
വേനൽച്ചൂടിൽ ചക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഐസ് പാളികൾ ഉപയോഗിച്ചാണ് വാഹനങ്ങളിൽ ക്രമീകരിക്കുന്നത്. ഓരോ വർഷവും ടൺ കണക്കിന് ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് അയക്കുന്നുണ്ടെങ്കിലും, സംസ്കരണ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വലിയൊരു ഭാഗം ചക്കയും തോട്ടങ്ങളിൽ തന്നെ കിടന്ന് ചീഞ്ഞുനശിക്കുകയാണ്.
ജൈവരീതിയിൽ വിളയിച്ചെടുക്കുന്ന മറ്റ് ഫലവർഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, ശാസ്ത്രീയമായ വിപണന സംവിധാനങ്ങളോ സംസ്കരണ യൂണിറ്റുകളോ ഒരുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി കർഷകർക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

