വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തുചീഞ്ഞു നശിക്കുന്ന ചക്കയ്ക്ക് കർണാടക വിപണികളിൽ മികച്ച സ്വീകാര്യത. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് വയനാടൻ തോട്ടങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെത്തുന്നത്.
അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫല വിപണികളിലും ചക്കയ്ക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പച്ചച്ചക്കയും പഴുത്ത ചക്കയും ചുളകളാക്കി മാറ്റിയവയും ഇവിടെ സുലഭമായി ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ഇവ വാങ്ങാൻ എത്തുന്നവർ ഏറെയാണ്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലും വിൽപന നടക്കുന്നു. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാർക്ക് ലഭിക്കുന്നത് 500 രൂപയിലധികമാണ്.
എന്നാൽ, ചക്ക വിൽക്കുന്ന വയനാടൻ കർഷകരുടെ കൈകളിലേക്ക് എത്തുന്നത് വെറും 20 രൂപ മാത്രമാണ്. വയനാട്ടിൽ നിന്നുള്ള ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കയറ്റി അയക്കുന്നത്. ചൂടുകാലത്ത് ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് കൊണ്ടുപോകുന്നത്.
ഓരോ വർഷവും വൻതോതിൽ ചക്ക വയനാട്ടിൽ നിന്ന് പുറത്തേക്ക് കയറ്റി അയക്കുമ്പോഴും, ജില്ലയിലെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ വലിയൊരു ഭാഗം പഴുത്തു നശിക്കുകയാണ്. ചക്കയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനോ അവ വിപണനം ചെയ്യാനോ ഉള്ള സൗകര്യങ്ങൾ വയനാട്ടിൽ അപര്യാപ്തമാണ്.
പൂർണമായും ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും, ഇത്തരം ഉൽപന്നങ്ങൾക്കായി വിപുലമായ വിപണിയോ സംസ്കരണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ സാധിച്ചിട്ടില്ലാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

