കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾ രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. പഞ്ചായത്ത് അധികൃതർ മുതൽ മന്ത്രിതലങ്ങൾ വരെ പരാതികൾ നൽകിയിട്ടും ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യാനുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീട് ഭാഗികമായും പൂർണ്ണമായും തകർന്നവരുമെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ നഷ്ടം സംഭവിച്ചവരുടെ വിവരങ്ങൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും അന്തിമമായി തുക വിതരണം ചെയ്യപ്പെട്ടില്ല.
തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും ഫലവത്തായില്ല. തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ സാഹചര്യത്തിൽ, വിഷയം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ വീണ്ടും റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് വൈകിയത് മൂലം അടിയന്തരമായി പൂർത്തിയാക്കേണ്ട റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ പ്രവൃത്തികൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
ചിലയിടങ്ങളിൽ കരാറുകാർ സ്വന്തം നിലയിൽ അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കിയെങ്കിലും അവർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

