കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച അറുനൂറിലധികം കുടുംബങ്ങൾക്കുള്ള ധനസഹായം രണ്ട് വർഷം പിന്നിട്ടിട്ടും വിതരണം ചെയ്തില്ല. വീടുകളും റോഡുകളും തകർന്നതിനെ തുടർന്ന് ദുരിതത്തിലായവർ പലതവണ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതല ഓഫീസുകൾ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
തകർന്ന വീടുകളും റോഡുകളും അറ്റകുറ്റപ്പണി നടത്താൻ സാധിക്കാതെ അതീവ ദുരിതത്തിലാണ് ഈ കുടുംബങ്ങൾ. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനുള്ളത്.
കൃഷിനാശം നേരിട്ടവരും വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച കണക്കുകൾ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക ലഭ്യമായില്ല. തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സാധ്യമായില്ല.
നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് ലഭിക്കാത്തതിനാൽ അടിയന്തര പ്രവൃത്തികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇവർക്കും തുക ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട
മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ഫണ്ട് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

