പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമാക്കി നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി കടുത്ത പ്രതിസന്ധിയിൽ.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ആയിരക്കണക്കിന് മെൻസ്ട്രൽ കപ്പുകൾ ഗുണഭോക്താക്കളിൽ എത്താതെ കാലാവധി കഴിഞ്ഞ് നശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എന്നാൽ, ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനോ കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് കപ്പുകൾ വിതരണം ചെയ്യുന്നതിനോ മിക്കയിടങ്ങളിലും അധികൃതർക്ക് സാധിച്ചില്ല. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ പദ്ധതിയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവഴിച്ചാണ് 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയത്. ഇതിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്; ബാക്കി 945 കപ്പുകൾ സബ് സെന്ററുകളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിൽ 333 കപ്പുകൾ വാങ്ങിയെങ്കിലും, ഗുണഭോക്താക്കളെ കൃത്യമായി നിശ്ചയിക്കുന്നതിൽ വന്ന വീഴ്ച മൂലം ഒരെണ്ണം പോലും വിതരണം ചെയ്യാൻ സാധിച്ചില്ല. കോന്നിയിൽ 52 കപ്പുകൾ ഇപ്പോഴും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്.
കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപയ്ക്ക് 985 കപ്പുകൾ വാങ്ങിയെങ്കിലും 80 ഗുണഭോക്താക്കളിൽ നിന്ന് 23 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. കുറ്റൂർ പഞ്ചായത്തിലാകട്ടെ, 4.26 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണവും വിതരണത്തിന് തയ്യാറാകാതെ ഉപേക്ഷിക്കപ്പെട്ട
അവസ്ഥയിലാണ്. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകൾ ദീർഘകാലം പുനരുപയോഗിക്കാൻ സാധിക്കുന്നവയാണ്.
എന്നിരുന്നാലും, താഴെത്തട്ടിൽ കാര്യക്ഷമമായ ബോധവൽക്കരണം നടത്തുന്നതിലും ആശാ പ്രവർത്തകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

