ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച മിഠായിയുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ വിചിത്രമായ സാമ്പത്തിക നീക്കങ്ങൾ. പ്രധാനമന്ത്രി നൽകിയ മിഠായി നിർമ്മിക്കുന്ന ‘പാർലെ പ്രോഡക്ട്സ്’ (Parle Products) എന്ന പ്രശസ്ത കമ്പനിയുടെ പേരുമായി സാമ്യമുള്ള ‘പാർലെ ഇൻഡസ്ട്രീസ്’ (Parle Industries) എന്ന മറ്റൊരു കമ്പനിയുടെ ഓഹരികളിൽ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം നടത്തിയതാണ് വിപണിയിൽ കൗതുകകരമായ പ്രതിഭാസത്തിന് വഴിയൊരുക്കിയത്.
മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പാർലെ ഇൻഡസ്ട്രീസ്. മിഠായി നിർമ്മാണ കമ്പനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായെങ്കിലും നിക്ഷേപകരുടെ താൽപ്പര്യത്തിൽ കുറവുണ്ടായില്ല.
ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 5% കുതിച്ചുയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയിരുന്നു. കമ്പനി മാറിപ്പോയെന്ന വസ്തുത പൊതുമണ്ഡലത്തിൽ ചർച്ചയായിട്ടും, ഇന്നും ഓഹരി വിലയിൽ 4.95% വർധനവ് രേഖപ്പെടുത്തി 5.51 രൂപ എന്ന നിലവാരത്തിലെത്തി.
പ്രധാനമന്ത്രിയിൽ നിന്ന് മിഠായി സ്വീകരിക്കുന്ന വീഡിയോ ജോർജ മെലോനി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. “Good friends at COP28.” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 12 കോടിയിലേറെ പേരാണ് കണ്ടത്.
മെലോനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയാണിത്.
നേരത്തെ, 2023-ൽ ദുബായിൽ നടന്ന സിഒപി28 (COP28) കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇവർ പങ്കുവെച്ച ‘ഹലോ ഫ്രം ദ് മെലഡി ടീം’ എന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് 7 കോടിയോളം പേർ കണ്ടിരുന്നു.
അതേസമയം, പാർലെ-ജി, ഹൈഡ് ആൻഡ് സീക്ക്, ബർബൻ, മാരി, കച്ച മാംഗോ, മാംഗോ ബൈറ്റ്, മൊണാക്കോ, ക്രാക്ക്ജാക്ക്, പോപ്പിൻസ് തുടങ്ങി വിപണിയിൽ ജനപ്രിയമായ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് പാർലെ പ്രോഡ്ക്ട്സ് എന്ന കമ്പനിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

