ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ആണ് മകന്റെ ആക്രമണത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഈ മാസം 13-ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം നടന്നത്.
പിതാവിന്റെ മരണത്തെത്തുടർന്ന് കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിയായ മകൻ സുനിലിനെ (35) ആലത്തൂർ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
കുടുംബപ്രശ്നത്തെത്തുടർന്നാണ് അരുംകൊല നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സഹോദരിയെ പിതാവ് വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ, സുനിൽ കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു.
മുത്തുവിന്റെ ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളും, പരേതരായ കണ്ടൻ, മണിയൻ എന്നിവർ സഹോദരങ്ങളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

