കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങളുടെ പുനരധിവാസം രണ്ടാം വർഷവും പ്രതിസന്ധിയിൽ തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് ലഭിക്കാത്തതാണ് ദുരിതബാധിതരെ വലയ്ക്കുന്നത്.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ നിരന്തരമായി പരാതികൾ സമർപ്പിച്ചിട്ടും നടപടികൾ ഫലപ്രദമായിട്ടില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി സർക്കാർ പ്രഖ്യാപിച്ച 12 കോടി രൂപയുടെ ദുരിതാശ്വാസ സഹായമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൃഷിനാശം സംഭവിച്ചവരും, വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരുമെല്ലാം നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഷ്ടപരിഹാര വിതരണത്തിനായി ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും, തുക ഇതുവരെയും ലഭ്യമായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായെങ്കിലും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ പശ്ചാത്തലത്തിൽ തുക ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് വൈകിയതോടെ പലയിടത്തും കരാറുകാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, അവർക്കും അർഹമായ തുക ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെത്തുടർന്നുള്ള നാശനഷ്ടങ്ങൾ, റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്തമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് അടിയന്തരമായി ഫണ്ട് ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

