മാനന്തവാടിയിൽ അയൽവാസിയായ വയോധികയുടെ ചെവിയിൽ നിന്ന് കമ്മൽ ബലമായി പിടിച്ചുവാങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസിനെ (46) ആണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 17-ാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, അവരുമായി സംസാരിച്ചു നിൽക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും തുടർന്ന് ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഈ ആക്രമണത്തിൽ കല്യാണിയുടെ ഇടതു ചെവിയിലുണ്ടായിരുന്ന അര പവനോളം തൂക്കം വരുന്ന കമ്മൽ പ്രതി കവർന്നു. ഇയാൾ പോയതിന് ശേഷം ചെവിയിൽ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് വയോധിക വിവരം മരുമകളോട് പറയുകയായിരുന്നു.
തുടർന്ന് മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസ് അന്വേഷിച്ച പൊലീസ് സംഘം, മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ നിലയിൽ കമ്മൽ കണ്ടെടുത്തു.
മാനന്തവാടി ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയയാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

