പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലപ്പെട്ട
ശരത് ലാലിന്റെ കുടുംബം വിഷയത്തിൽ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ തീരുമാനിച്ചു. കേസിലെ പ്രതികളെ അതീവ സുരക്ഷയുള്ള ജയിലുകളിലേക്ക് മാറ്റണമെന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം അനിവാര്യമാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആവശ്യപ്പെട്ടു.
കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പത്ത് പ്രതികൾക്കാണ് സർക്കാർ ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ഇതിനകം ജയിൽ മോചിതരായിട്ടുണ്ട്.
രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ വരുംദിവസങ്ങളിൽ പുറത്തിറങ്ങും. കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് നടത്തിയ ഈ പരോൾ അനുവദിക്കൽ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
എല്ലാ നിയമപരമായ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും, സർക്കാർ കുറ്റവാളികൾക്ക് ഒത്താശ ചെയ്യുകയാണെന്നും സത്യനാരായണൻ കുറ്റപ്പെടുത്തി. മുൻപ് പരോൾ വ്യവസ്ഥകളിൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെങ്കിലും ഇത്തവണ അത് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികൾ നാട്ടിലെത്തിയാൽ സംഘർഷാവസ്ഥയുണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പുകൾ പോലും സർക്കാർ അവഗണിച്ചുവെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തെത്തുടർന്ന് കല്യോട്ട് മേഖലയിൽ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

