കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്ക് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് ലഭ്യമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, വിവിധ തലങ്ങളിലെ മന്ത്രിമാർ എന്നിവർക്ക് കുടുംബങ്ങൾ നിരന്തരം പരാതി നൽകിയിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളിലും റോഡുകളിലും ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നവരും നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച കണക്കുകൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച ഘട്ടത്തിൽ ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും, തുക അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി തുക ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഷയം ഉന്നയിച്ച് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് റിമൈൻഡർ റിപ്പോർട്ട് കൈമാറി. നിലവിൽ പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് ലഭിക്കാത്തത് നിർമ്മാണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ കരാറുകാർ സ്വന്തം നിലയിൽ പണികൾ പൂർത്തിയാക്കിയെങ്കിലും അവർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ തുക അനിവാര്യമായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

