കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വിവിധ മേഖലകളിൽ നടന്ന മത്സരങ്ങളിൽ ടീമുകൾ മികച്ച വിജയം കരസ്ഥമാക്കി. മധ്യ, വടക്കൻ, തെക്കൻ മേഖലകളിലായി നടന്ന മത്സരങ്ങളിൽ പാലക്കാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നീ ടീമുകൾ ആധിപത്യം പുലർത്തി.
തൊടുപുഴ കെസിഎ ഗ്രൗണ്ടിൽ നടന്ന മധ്യമേഖലാ പോരാട്ടത്തിൽ എറണാകുളത്തെ അഞ്ച് വിക്കറ്റിന് പാലക്കാട് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എറണാകുളം 22.2 ഓവറിൽ 120 റൺസിന് പുറത്തായി.
“35 റൺസെടുത്ത റെയ്ന റോസും 16 റൺസ് വീതം നേടിയ റോസാൻ ആന്റണിയും ശിവാനി സുരേഷുമാണ് എറണാകുളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.” മറുപടിയായി ബാറ്റിംഗിനിറങ്ങിയ പാലക്കാട്, പ്രിതിക (40), സൂര്യകീർത്തന (33) എന്നിവരുടെ 74 റൺസ് കൂട്ടുകെട്ടിന്റെ കരുത്തിൽ 24.5 ഓവറിൽ വിജയം വരിച്ചു.
പാലക്കാടിനായി ജയദർശിനി മൂന്നും, നിരുപമ ദാസ്, നന്ദന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മധ്യമേഖലയിലെ മറ്റൊരു മത്സരത്തിൽ ഇടുക്കിയെ എട്ട് വിക്കറ്റിന് തൃശൂർ തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 24.1 ഓവറിൽ 122 റൺസാണ് നേടിയത്. “39 റൺസെടുത്ത ശരണ്യ ശിവനും 32 റൺസെടുത്ത അമേയ സന്തോഷുമാണ് ഇടുക്കി ബാറ്റിങ് നിരയിൽ തിളങ്ങിയത്.” തൃശൂരിന്റെ ബോളിംഗ് നിരയിൽ ദിനിക ദിനേഷ് മൂന്ന് വിക്കറ്റുകളും മേധ, വേദിക എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ക്യാപ്റ്റൻ ശ്രേയ പി സിജുവിന്റെ (54 നോട്ടൗട്ട്) മികച്ച ഇന്നിങ്സും പാർവ്വതി സലീഷിന്റെ (42) പിന്തുണയും തൃശൂരിന് അനായാസ ജയം സമ്മാനിച്ചു. പാലക്കാട് കോട്ട
മൈതാനത്ത് നടന്ന മത്സരത്തിൽ കണ്ണൂരിനെതിരെ വയനാട് രണ്ട് വിക്കറ്റിന് വിജയിച്ചു. 96 റൺസിന് കണ്ണൂരിനെ പുറത്താക്കിയ വയനാടിനായി ദേവനന്ദ നാല് വിക്കറ്റും തീർത്ഥ മൂന്ന് വിക്കറ്റും നേടി.
ക്യാപ്റ്റൻ സ്വഫ്യ (33), പാർവ്വതി കുഞ്ഞുമോൻ (21) എന്നിവരാണ് വയനാടിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. കാസർഗോഡിനെതിരായ മത്സരത്തിൽ ഒൻപത് വിക്കറ്റിന് മലപ്പുറം വിജയം സ്വന്തമാക്കി.
82 റൺസെന്ന ചെറിയ വിജയലക്ഷ്യം മലപ്പുറം വെറും 8.5 ഓവറിൽ മറികടന്നു. തെക്കൻ മേഖലയിൽ ആലപ്പുഴ എസ് ഡി കോളേജ് മൈതാനത്ത് നടന്ന മത്സരത്തിൽ കൊല്ലത്തിനെതിരെ ഒൻപത് വിക്കറ്റിന്റെ വിജയം ആലപ്പുഴ സ്വന്തമാക്കി.
മഴയെത്തുടർന്ന് വിജെഡി നിയമപ്രകാരം പുതുക്കിയ 90 റൺസ് വിജയലക്ഷ്യം നിള വി നായർ (35), എ എസ് ദേവി (28) എന്നിവരുടെ മികവിൽ ആലപ്പുഴ 14.4 ഓവറിൽ എത്തിപ്പിടിച്ചു. കോട്ടയത്തിനെതിരെ തിരുവനന്തപുരം 59 റൺസിന് വിജയിച്ചു.
“77 റൺസെടുത്ത അമീറ ബീഗവും 69 റൺസെടുത്ത ഉർവ്വശിയുമാണ് തിരുവനന്തപുരത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.” കോട്ടയത്തിനായി ജുവൽ ജീൻ ജോൺ 42 റൺസ് നേടിയപ്പോൾ, തിരുവനന്തപുരത്തിനായി സുബി എയ്ഞ്ചൽ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

