ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇരുവരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ‘മെലഡി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വിശേഷണങ്ങളും സജീവമാണ്.
ഇതിനിടെ, ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർജ മെലോനിക്ക് നൽകിയ സമ്മാനവും അതുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിലുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാർലെ ‘മെലഡി’ ചോക്ലേറ്റുകളാണ് മോദി സമ്മാനമായി നൽകിയത്.
ഇതിന്റെ വിഡിയോ മെലോനി എക്സിൽ പങ്കുവെച്ചതോടെ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. “Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവെച്ചത്.
ഈ വിഡിയോ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികളിൽ അസാധാരണമായ മുന്നേറ്റമുണ്ടായി. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിലായിരുന്ന കമ്പനിയുടെ ഓഹരിവില, ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു.
എന്നാൽ, വിഡിയോ പ്രചരിച്ചതോടെ ഓഹരി വില കുതിച്ചുയരുകയും 5.25 രൂപയിലെത്തുകയും ചെയ്തു. അഞ്ച് ശതമാനത്തിന്റെ വർധനവോടെ ഓഹരി അപ്പർ-സർക്യൂട്ടിലെത്തുകയായിരുന്നു.
എങ്കിലും, ഈ സംഭവത്തിൽ ശ്രദ്ധേയമായൊരു വശമുണ്ട്. പ്രധാനമന്ത്രി സമ്മാനിച്ച ‘പാർലെ മെലഡി’ ചോക്ലേറ്റും, ഓഹരി വിപണിയിൽ മുന്നേറ്റം കാഴ്ചവെച്ച ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയും തമ്മിൽ യാതൊരു ബന്ധവുമില്ല.
പാർലെ-ജി, മൊണാക്കോ, ക്രാക്ക്ജാക്ക് തുടങ്ങിയ ബിസ്കറ്റ് ബ്രാൻഡുകൾ നിർമിക്കുന്ന ‘പാർലെ പ്രോഡക്ട്സ്’ എന്ന കമ്പനിയാണ് ചോക്ലേറ്റ് നിർമാതാക്കൾ. അതേസമയം, പാർലെ ഇൻഡസ്ട്രീസ് എന്നത് റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
പേരിലെ സാമ്യം മാത്രമാണ് കമ്പനിക്ക് വിപണിയിൽ ഗുണകരമായത്. പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ സമ്മാനം തങ്ങളുടെ ബ്രാൻഡിന് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തതായി പാർലെ പ്രോഡക്ട്സ് പ്രതികരിച്ചു. റോം സന്ദർശന വേളയിൽ മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്ത മോദി, ചരിത്രപ്രസിദ്ധമായ കൊളോസിയവും സന്ദർശിച്ചിരുന്നു.
(നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

