കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്നു നാശനഷ്ടങ്ങൾ നേരിട്ട അറുനൂറിലേറെ കുടുംബങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം രണ്ട് വർഷം പിന്നിട്ടിട്ടും ലഭ്യമായില്ല.
തകർന്ന വീടുകളുടെയും റോഡ് ശൃംഖലകളുടെയും പുനർനിർമ്മാണം പൂർത്തിയാക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങൾ. പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ സർക്കാർ തലങ്ങൾ എന്നിവിടങ്ങളിൽ നിരവധി തവണ പരാതികൾ സമർപ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നതിൽ കടുത്ത കാലതാമസം നേരിടുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ൽ അധികം പേർക്കായി 12 കോടി രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യേണ്ടത്. കൃഷിനാശം സംഭവിച്ചവരും വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നവരും ഉൾപ്പെടെയുള്ളവർ സഹായം പ്രതീക്ഷിച്ചു കഴിയുകയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹായ വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ നഷ്ടം നേരിട്ടവരുടെ അന്തിമ പട്ടിക കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽനിന്നു ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും, തുക അക്കൗണ്ടുകളിൽ ലഭ്യമായില്ല. നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിലേക്ക് വീണ്ടും കൈമാറി.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും കരാറുകാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു.
ഇവർക്കുള്ള കുടിശ്ശികയും നിലനിൽക്കുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽനിന്നു മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കാണ് പ്രധാനമായും അടിയന്തരമായി ഫണ്ട് ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

