ഗൂഗിൾ തങ്ങളുടെ എഐ സേവനമായ ജെമിനിയിൽ ഉപയോഗ പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നു. ഇതുവരെ ദിവസേനയുള്ള പ്രോംപ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ജെമിനിയിൽ സേവന പരിധി നിശ്ചയിച്ചിരുന്നത്.
എന്നാൽ ഐ/ഒ 2026-ൽ ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത് പ്രകാരം, ഇനി മുതൽ ‘കമ്പ്യൂട്ട്-യൂസ്ഡ്’ (compute-used) എന്ന പുതിയ മാതൃകയിലേക്കാണ് കമ്പനി മാറുന്നത്. പുതിയ സംവിധാനമനുസരിച്ച്, ഉപയോക്താക്കൾ നൽകുന്ന നിർദ്ദേശങ്ങളുടെ സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവയെ ആശ്രയിച്ചായിരിക്കും സേവന പരിധി കണക്കാക്കുക.
ലളിതമായ ടെക്സ്റ്റ് നിർദ്ദേശങ്ങളെ അപേക്ഷിച്ച് വീഡിയോ ജനറേഷൻ പോലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കമ്പ്യൂട്ട് ആവശ്യമായി വരും. ഇത് ജെമിനിയുടെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതോടെ, അഞ്ച് മണിക്കൂർ ഇടവേളയിലുള്ളതും പ്രതിവാരവുമായ ഉപയോഗ പരിധികൾ ജെമിനിയിൽ നിലവിൽ വരും. അടിസ്ഥാന സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് വലിയ തോതിൽ ബാധിക്കില്ലെങ്കിലും, കോഡിംഗ്, വീഡിയോ ജനറേഷൻ തുടങ്ങിയ സങ്കീർണ്ണമായ ആവശ്യങ്ങൾക്കായി ജെമിനിയെ ആശ്രയിക്കുന്നവർക്ക് പരിധി പെട്ടെന്ന് അവസാനിക്കാൻ സാധ്യതയുണ്ട്.
സൗജന്യ പ്ലാനുകളിൽ ‘സ്റ്റാൻഡേർഡ് ലിമിറ്റ്’ ആയിരിക്കും ബാധകം. അതേസമയം, എഐ പ്ലസ് പ്ലാൻ വഴി പരിധി ഇരട്ടിയാക്കാനും, എഐ പ്രോ വഴി നാല് മടങ്ങ് വർദ്ധിപ്പിക്കാനും സാധിക്കും.
എഐ അൾട്രാ പ്ലാൻ ഉപയോക്താക്കൾക്ക് എഐ പ്രോയേക്കാൾ 20 മടങ്ങ് കൂടുതൽ സേവന പരിധി ലഭിക്കും. മീഡിയ ജനറേഷൻ, ഡീപ് റിസർച്ച്, പ്രോ മോഡൽ, എക്സ്റ്റൻഡഡ് തിങ്കിംഗ് ആൻഡ് ഡീപ് തിങ്ക് തുടങ്ങിയ സവിശേഷതകൾ ഉപയോഗിക്കുമ്പോൾ പരിധി വേഗത്തിൽ എത്തും.
പരിധി അവസാനിച്ചാൽ ഉപയോക്താക്കളെ ചെറിയ മോഡലുകളിലേക്ക് മാറ്റുന്നതാണ്. എഐ പ്രോ, അൾട്രാ വരിക്കാർക്ക് പേ-ആസ്-യു-ഗോ (PAYG) എഐ ക്രെഡിറ്റുകൾ വാങ്ങി സേവനം തടസ്സമില്ലാതെ തുടരാനും അവസരമുണ്ട്.
വരുംകാലങ്ങളിൽ ഗൂഗിൾ ആന്റിഗ്രാവിറ്റി, ഗൂഗിൾ ഫ്ലോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഈ ക്രെഡിറ്റുകൾ ലഭ്യമാകും. പുതിയ മാറ്റങ്ങളുടെ ഭാഗമായി 100 ഡോളറിന്റെ പുതിയ എഐ അൾട്രാ പ്ലാൻ അവതരിപ്പിച്ച ഗൂഗിൾ, ടോപ്പ്-ടയർ പ്ലാനിന്റെ നിരക്ക് 50 ഡോളർ കുറച്ച് 200 ഡോളറാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

