മലയാള ചലച്ചിത്ര മേഖലയിൽ വലിയ പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ ഭേദിക്കാൻ ഒരുങ്ങുന്നു. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെയും വിപണി വിപുലീകരണത്തിലൂടെയും ശ്രദ്ധേയനായ ആന്റണി പെരുമ്പാവൂരിന്റെ ഈ പുതിയ സംരംഭം റിലീസിന് മുൻപേ വൻ വാണിജ്യ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാധാരണയായി മലയാള ചിത്രങ്ങൾക്ക് രണ്ട് മൂന്ന് ദിവസം മുൻപ് മാത്രം ആരംഭിക്കാറുള്ള അഡ്വാൻസ് ബുക്കിംഗ്, ‘ദൃശ്യം 3’-ന്റെ കാര്യത്തിൽ പതിനൊന്ന് ദിവസം മുൻപേ തന്നെ ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ മികച്ച സ്വീകാര്യത പരിഗണിച്ച് കേരളത്തിലുടനീളം കൂടുതൽ സ്ക്രീനുകൾ ഇതിനകം അനുവദിച്ചു കഴിഞ്ഞു.
മോഹൻലാലിന്റെ ജന്മദിനമായ നാളെ രാവിലെ എട്ട് മണിക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മോഹൻലാൽ ആരാധകർ എക്സിൽ സംഘടിപ്പിച്ച സ്പേസ് ചർച്ചയിൽ പങ്കെടുക്കവെ ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഇപ്രകാരമായിരുന്നു: “ആദ്യ ഷോ ആരംഭിക്കുന്നതിന് മുൻപ് അഡ്വാൻസ് ബുക്കിംഗിലൂടെ ദൃശ്യം 3 സമാഹരിക്കുക 20 കോടിക്കും 25 കോടിക്കും ഇടയിൽ ആയിരിക്കും.” എന്നാൽ, നിർമ്മാതാവിന്റെ പ്രതീക്ഷകളെയും മറികടക്കുന്ന പ്രവണതയാണ് ബോക്സ് ഓഫീസിൽ ദൃശ്യമാകുന്നത്.
ബോക്സ് ഓഫീസ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ റിലീസ് ദിനത്തിലേക്കുള്ള ബുക്കിംഗിൽ നിന്ന് മാത്രം ചിത്രം 7.35 കോടി രൂപ നേടിക്കഴിഞ്ഞു. ആദ്യ വാരാന്ത്യത്തിലേക്കുള്ള ബുക്കിംഗ് 12 കോടി രൂപയോട് അടുക്കുകയാണ്.
ആഗോളതലത്തിൽ ആദ്യ ദിനത്തിലേക്കുള്ള ബുക്കിംഗ് 26.50 കോടിയും, ആദ്യ വാരാന്ത്യത്തിൽ ഇത് 37 കോടിയുമാണ്. റിലീസിന് മുൻപ് തന്നെ ആദ്യ ദിനത്തിൽ 32- 35 കോടിയും, ആദ്യ വാരാന്ത്യത്തിൽ 45- 50 കോടിയും ചിത്രം നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.
ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി അനുകൂലമായാൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടം കൊയ്യുമെന്നാണ് സിനിമാ മേഖലയുടെ പൊതുവെയുള്ള പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

