സുപ്രീം കോടതിയുടെ പുതിയ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ശാസ്ത്രീയമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
നിലവിലെ നിയമവശങ്ങൾ സമഗ്രമായി വിശകലനം ചെയ്ത ശേഷം കർമപദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾക്കായി നിലവിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനായി ലൈസൻസുള്ള കൂടുതൽ പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച നിർദേശം വരാനിരിക്കുന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കർ ഭൂമിയിൽ ഒരേക്കർ സ്ഥലത്ത് എബിസി ഷെൽറ്റർ നിർമിക്കുന്ന പദ്ധതി അടിയന്തരമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുൽ വ്യക്തമാക്കിയത് ഇങ്ങനെ: “ഭക്ഷണം പരിചരണം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ തുകയാണു ചെലവു പ്രതീക്ഷിക്കുന്നത്.” ഈ പദ്ധതിക്കായി സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും, തെരുവുനായ്ക്കളെ ദത്തെടുക്കാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ദേശീയ മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കും ഷെൽറ്ററിന്റെ നിർമാണം.
ഇതിനായി മികച്ച ഡിസൈൻ കണ്ടെത്തുന്നതിനായി മത്സരം സംഘടിപ്പിക്കാനും, വിജയിക്ക് 50,000 രൂപ സമ്മാനം നൽകാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനായി വാർഷിക പദ്ധതി വിഹിതത്തിൽ തുക വകയിരുത്തും.
ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി നാല് ഏക്കറിലേക്ക് വ്യാപിപ്പിക്കാനും, കോർപറേഷന് പുറമെ ബ്ലോക്ക് തലങ്ങളിൽ ഷെൽറ്ററുകൾക്കായി സ്ഥലം കണ്ടെത്തുന്നതിനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

