നോർവേ സന്ദർശനം പൂർത്തിയാക്കി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റോമിൽ ഊഷ്മള സ്വീകരണം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുടെ ഔദ്യോഗിക അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം ഇരുവരും ചരിത്രപ്രസിദ്ധമായ കൊളോസ്സിയം സന്ദർശിച്ചു.
ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സൗഹൃദ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
‘വെൽകം ടു റോം, മൈ ഫ്രണ്ട്’ എന്ന് കുറിച്ചുകൊണ്ട് മെലോനിയും മോദിയെ സ്വാഗതം ചെയ്തു. 2029-ഓടെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2000 കോടി യൂറോ (ഏകദേശം 2.24 ലക്ഷം കോടി രൂപ) എന്ന ലക്ഷ്യത്തിലെത്തിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കരുത്തുപകരുമെന്നാണ് വിലയിരുത്തൽ. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇറ്റലിയുടെ വ്യാവസായിക മികവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും സംയോജിപ്പിച്ച് ഔഷധനിർമാണം, വസ്ത്ര വ്യാപാരം, വാഹന നിർമാണ ഘടകങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്നു. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, നിർണായക ധാതുക്കൾ എന്നിവയിലൂന്നിയുള്ള സാങ്കേതിക സഹകരണത്തിനും ഇരുരാജ്യങ്ങളും മുൻഗണന നൽകും.
ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലും സഹകരണം ശക്തമാക്കും. റോമിലെത്തുന്നതിന് മുൻപ് ഓസ്ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ മോദി പങ്കെടുത്തു.
ഐസ്ലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്ററൻ ഫ്രോസ്റ്റോട്ടിർ, ഫിൻലൻഡ് പ്രധാനമന്ത്രി പീറ്ററി ഓർപോ, ഡെൻമാർക്ക് പ്രധാനമന്ത്രി മേറ്റ് ഫ്രെഡറിക്സൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്റോറെയുമായി നടത്തിയ ചർച്ചകളുടെ ഭാഗമായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) വിവിധ നോർവീജിയൻ ഗവേഷണ സ്ഥാപനങ്ങളുമായി കരാറുകളിൽ ഒപ്പുവെച്ചു.
റോമിലെത്തിയ പ്രധാനമന്ത്രി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC) അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ പ്രധാന അജണ്ടയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

