കുടജാദ്രി തീർഥയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ കൊല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാലാ സ്വദേശികളായ ജ്യോതി ബിജു, ആര്യ അനൂപ് എന്നിവർക്ക് ജന്മനാട് വിട
നൽകി. മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ നാടാകെ കണ്ണീരണിഞ്ഞു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അങ്ങേയറ്റം വൈകാരികമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പയപ്പാർ പടിഞ്ഞാറെ നെല്ലിത്താനത്ത് ജ്യോതി ബിജുവിന്റെ (42) ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടിനും, കീച്ചേരിൽ ആര്യ അനൂപിന്റെ (29) മൃതദേഹം വൈകിട്ട് നാലുമണിക്കും വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആര്യ ജോലി ചെയ്തിരുന്ന തെള്ളകം കാരിത്താസ് ആശുപത്രിയിൽ ഇന്നലെ രാവിലെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപ്രവർത്തകരും വൻ ജനാവലിയും അന്തിമോപചാരം അർപ്പിച്ചു. സാരമായി പരിക്കേറ്റ ആര്യയുടെ ഭർത്താവ് അനൂപിനെ, ഭാര്യയുടെ മൃതദേഹം കാണിച്ച ശേഷം തുടർചികിത്സയ്ക്കായി തെള്ളകത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജ്യോതിയുടെ മാതാവ് പോണാട് മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (60), മകൻ ജ്യോതിസ് (38), ജ്യോതിസിന്റെ മകൻ അർജുൻ (11), ആര്യയുടെ ഭർത്താവ് കീച്ചേരിൽ അനൂപ് (40) എന്നിവർ കാരിത്താസ് ആശുപത്രിയിലും, പയപ്പാർ മാതാളിപ്പാറ എബി (36) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട ആര്യയുടെ മകൻ അയാൻ (4) നിസ്സാര പരിക്കുകളോടെയും, മകൾ ആവണി പരിക്കേൽക്കാതെയും രക്ഷപ്പെട്ടു.
ഈ മാസം 17-ന് ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ദാരുണമായ അപകടം. ഒൻപത് അംഗങ്ങൾ സഞ്ചരിച്ചിരുന്ന ജീപ്പിലേക്ക് മീൻ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.
15-ന് പുലർച്ചെ പയപ്പാറിൽ നിന്ന് 45 അംഗ തീർഥാടക സംഘം അഞ്ച് ജീപ്പുകളിലായാണ് മൂകാംബിക ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചത്. മടക്കയാത്രയിൽ സംഘത്തിലെ അവസാന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

