കൊച്ചിയിലെ സ്മാർട് സിറ്റി പദ്ധതിക്കായി ഏറ്റെടുത്തതിലും കൂടുതൽ ഭൂമി കോഴിക്കോട് മാവൂരിലെ അടച്ചുപൂട്ടിയ ഗ്രാസിം ഫാക്ടറിയുടെ ഭാഗമായി കാടുപിടിച്ചുകിടക്കുകയാണ്. മലബാറിന്റെ വികസന ഭൂപടത്തിൽ നിർണായക സ്ഥാനം വഹിക്കേണ്ട
ഈ ഭൂപ്രദേശം പതിറ്റാണ്ടുകളായി തരിശായി കിടക്കുമ്പോൾ, കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന പുതിയ പദ്ധതികൾക്കായി പ്രദേശവാസികൾ ഇന്നും കാത്തിരിക്കുകയാണ്. കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ മാവൂരിന് സവിശേഷ സ്ഥാനമാണുള്ളത്.
സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ വലിയ വ്യാവസായിക കാൽവെപ്പിന് വേദിയായത് മാവൂരായിരുന്നു. മലബാറിൽ ആദ്യമായി വിമാനമിറങ്ങിയതും, സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടതും ഈ മണ്ണിലാണ്.
എന്നാൽ, തൊഴിൽ തർക്കങ്ങളും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും കാരണം ഫാക്ടറി പൂട്ടിയതോടെ ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ ഭൂമി നിരാശയുടെയും അവഗണനയുടെയും പ്രതീകമായി മാറിയിരിക്കുകയാണ്.
**ലോകത്തിലെ വമ്പൻ വ്യവസായം**
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വുഡ് പൾപ്പ് നിർമ്മാണ കേന്ദ്രമായിരുന്നു മാവൂർ ഗ്രാസിം ഫാക്ടറി. 238.41 ഏക്കർ പാട്ടഭൂമിയും 82 ഏക്കർ ഫ്രീ ഹോൾഡ് ഭൂമിയുമടക്കം ഏകദേശം 324 ഏക്കറിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്.
പ്രതിദിനം 100 ടൺ റയോൺ ഗ്രേഡ് പൾപ്പ് ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. ഫാക്ടറി പ്രവർത്തനം തുടങ്ങിയതോടെ മാവൂർ ഒരു കൊച്ചു നഗരമായി വളരുകയും ജനജീവിതം അഭിവൃദ്ധിപ്പെടുകയും ചെയ്തു.
**ചേളാരിയിലെ ആകാശവാതിൽ**
മാവൂരിലെ ഫാക്ടറിയിലേക്ക് ഉന്നത ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നതിനാണ് 1962ൽ ചേളാരിയിൽ സ്വകാര്യ എയർസ്ട്രിപ്പ് നിർമ്മിച്ചത്. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കിയ ഈ എയർസ്ട്രിപ്പിൽ ഡഗ്ലസ് സി-47 വിമാനങ്ങൾ പറന്നിറങ്ങിയിരുന്നു.
കരിപ്പൂർ വിമാനത്താവളം നിലവിൽ വരുന്നത് വരെ മലബാറിന്റെ പ്രധാന ആകാശവാതിലായി ഇത് പ്രവർത്തിച്ചു. 1969ൽ ഇവിടെയുണ്ടായ വിമാന അപകടം കേരളത്തിലെ ആദ്യത്തെ വ്യോമദുരന്തമായി ചരിത്രത്തിൽ ഇടംപിടിച്ചു.
**നിത്യനിദ്രയിൽനിന്ന് ഉണരുമോ?**
മാവൂരിന്റെ പുനരുജ്ജീവനത്തിനായി മുൻകാലങ്ങളിൽ വിവിധ സർക്കാരുകൾ പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും അവയൊന്നും പ്രാവർത്തികമായില്ല. ഫാക്ടറിയിലെ പഴയ കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും കാടുമൂടി നശിച്ചുതുടങ്ങിയിരിക്കുന്നു.
ഇന്ന് പലയിടത്തും സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും താവളമായി ഈ ഭൂപ്രദേശം മാറിയിട്ടുണ്ട്. 1958ൽ ഇ.എം.എസ്.
നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യവസായ വികസനം ലക്ഷ്യമിട്ടാണ് മാവൂരിൽ ബിർള ഗ്രൂപ്പുമായി കരാറിലേർപ്പെട്ടത്. അന്നത്തെ വ്യവസായ മന്ത്രി കെ.പി.
ഗോപാലനാണ് ഇതിനായി മുൻകൈ എടുത്തത്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗമായിരുന്ന ഈ ഭൂമിയിൽ, പുതിയ സർക്കാരിന്റെ കാലത്തെങ്കിലും വികസനക്കുതിപ്പിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ ജനങ്ങൾ.
“ഇവിടെയാണ് ഗ്രാസിം ഫാക്ടറിയുണ്ടായിരുന്നത്. ഇനി ഇവിടെ വേണ്ടത് വികസനത്തിനു വഴിതെളിക്കുന്ന പുതിയ പദ്ധതികളാണ്” എന്ന് പ്രദേശവാസികൾ ഒരേ സ്വരത്തിൽ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

