ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് അക്രമ സംഭവങ്ങൾ വർധിച്ചു വരികയാണ്. പൊതുനിരത്തുകളിൽ പോലീസിനെയും നിയമ സംവിധാനങ്ങളെയും അവഗണിച്ചുകൊണ്ട് അക്രമികൾ അഴിഞ്ഞാടുന്ന പ്രവണത ആശങ്കയുണർത്തുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബെർഹാംപൂരിലെ തിരക്കേറിയ ഗിരി റോഡിൽ വെച്ച് ഒരു സംഘം യുവാക്കൾ ദമ്പതികളെ മുള വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏതാണ്ട് അഞ്ചോളം യുവാക്കൾ ചേർന്നാണ് ആക്രമണം നടത്തിയത്. റോഡിലൂടെ വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, ആരും തന്നെ അക്രമം തടയാൻ മുന്നോട്ട് വന്നില്ല.
മർദ്ദനമേൽക്കുന്ന ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ അദ്ദേഹത്തിന് മുകളിൽ കിടക്കുന്നതും, ഇവർ രണ്ടുപേർക്കും മർദ്ദനമേൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ പരിക്കേറ്റ ഉമേഷ് രഥ് എന്നയാളെയും ഭാര്യയെയും എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർക്ക് സാരമായ പരിക്കുകൾ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.
ആശിഷ് സാഹു, മുകേഷ് സാഹു എന്നിവരുൾപ്പെടെ അഞ്ചിലധികം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, നടുറോഡിൽ അരങ്ങേറിയ അക്രമം തടയാൻ ആരും മുന്നോട്ട് വരാതിരുന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
നിയമ സംവിധാനങ്ങൾ നോക്കുകുത്തികളാകുന്നുവെന്നും കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. അക്രമം നടന്നതിന് ശേഷം കേസെടുക്കുന്നതിലല്ല, അക്രമം തടയുന്നതിലാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന അഭിപ്രായവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

