ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഏതെല്ലാം സർവീസുകളിൽ സൗജന്യം അനുവദിക്കണമെന്നതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസിക്ക് സർക്കാർ നിർദേശം നൽകി.
പദ്ധതിയുടെ നടത്തിപ്പിനായി സ്ത്രീ യാത്രക്കാരുടെ വിവരശേഖരണത്തിനായി മുൻപ് ആരംഭിക്കുകയും പിന്നീട് നിർത്തിവെക്കുകയും ചെയ്ത ജെൻഡർ ടിക്കറ്റിങ് സംവിധാനം പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. ബജറ്റ് ടൂറിസം, ചാർട്ടേഡ്, എസി, അന്തർസംസ്ഥാന സർവീസുകൾ എന്നിവയെ സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. തമിഴ്നാട്ടിൽ സമാനമായ രീതിയിൽ പദ്ധതി നടപ്പിലാക്കിയപ്പോൾ സർക്കാർ നൽകുന്ന കൃത്യമായ സബ്സിഡി കോർപറേഷന് വലിയ സാമ്പത്തിക ഗുണം ചെയ്തിരുന്നു.
സമാനമായ രീതിയിൽ സർക്കാർ വിഹിതം യഥാസമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. അതേസമയം, സൗജന്യയാത്രാ പ്രഖ്യാപനം വനിതാ യാത്രക്കാരിൽ വലിയ ആകാംക്ഷയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്.
സൗജന്യത്തിന്റെ പരിധിയിൽ എല്ലാ ബസുകളും ഉൾപ്പെടുമോ, സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യം ലഭിക്കുമോ, ജില്ലയ്ക്കുള്ളിൽ മാത്രമാണോ സൗജന്യം തുടങ്ങിയ നിരവധി സംശയങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്. എന്നിരുന്നാലും, വലിയൊരു വിഭാഗം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
പ്രതിമാസം 2000 മുതൽ 5000 രൂപ വരെ യാത്രാക്കൂലി ലാഭിക്കാൻ കഴിയുമെന്നത് കുടുംബ ബജറ്റുകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ കണക്കുകൂട്ടൽ. അതേസമയം, പദ്ധതി നടപ്പിലാക്കുമ്പോൾ ബസുകളിലെ തിരക്ക് ക്രമാതീതമായി വർധിക്കുമെന്ന ആശങ്ക കെഎസ്ആർടിസി ജീവനക്കാർ പങ്കുവെക്കുന്നുണ്ട്.
സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവർ ഉൾപ്പെടെ കെഎസ്ആർടിസിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ, നിലവിലുള്ള ബസുകൾ തികയാതെ വരാൻ ഇടയുണ്ട്. അതിനാൽ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

