ഗൂഗിൾ ജെമിനി ആപ്ലിക്കേഷനിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ നിന്ന് കമ്പനി വ്യതിചലിക്കുന്നു.
നേരത്തെ, 2025 ഡിസംബറിൽ ജെമിനിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ ഗൂഗിൾ ഔദ്യോഗികമായി നിഷേധിച്ചിരുന്നു. അന്ന് ഈ റിപ്പോർട്ടുകൾ തെറ്റാണെന്നായിരുന്നു ഗൂഗിളിന്റെ ഗ്ലോബൽ അഡ്വർടൈസിംഗ് വൈസ് പ്രസിഡന്റ് ഡാൻ ടെയ്ലർ പ്രതികരിച്ചത്.
എന്നാൽ, ഈ പ്രഖ്യാപനം വന്ന് നാല് മാസങ്ങൾക്കിപ്പുറം കമ്പനി തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2026-ലെ ആദ്യ പാദത്തിലെ സാമ്പത്തിക അവലോകന യോഗത്തിൽ ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ നിക്ഷേപകരോട് സംസാരിക്കവേ ഇക്കാര്യം വ്യക്തമാക്കി.
സെർച്ച് എഐ മോഡിൽ നിലവിൽ പ്രവർത്തിക്കുന്ന പരസ്യ ഫോർമാറ്റുകൾ ജെമിനി ആപ്പിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരസ്യങ്ങൾക്ക് “really valuable and really helpful commercial information” നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെമിനി പോലുള്ള ചാറ്റ്ബോട്ട് സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യമായ അനുഭവമാണ് നൽകുന്നത്. വ്യക്തിപരമായ വിവരങ്ങളും സെൻസിറ്റീവ് ഡാറ്റയും പങ്കുവെക്കുന്ന ഇത്തരം ഇടങ്ങളിലേക്ക് പരസ്യങ്ങൾ കടന്നുവരുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
കൂടാതെ, ഡാറ്റാ ഉപയോഗവും സ്വകാര്യതയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
എഐ മോഡലുകളുടെ പ്രവർത്തനച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ വരുമാനമാർഗങ്ങൾ തേടേണ്ടത് കമ്പനിക്ക് അനിവാര്യമായി മാറിയിരിക്കുന്നു. മെറ്റ, ഓപ്പൺ എഐ തുടങ്ങിയ കമ്പനികൾ സമാനമായ രീതിയിൽ പരസ്യ വരുമാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗൂഗിളിനെയും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതായാണ് വിലയിരുത്തൽ.
എന്നാൽ, പരസ്യങ്ങൾ ജെമിനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും സേവനത്തെ ഒരു സാധാരണ പരസ്യ പ്ലാറ്റ്ഫോമായി ചുരുക്കുമെന്നും സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

