കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡിന് കീഴിലെ ആർമി ഓർഡനൻസ് കോർപ്സിലെ ഉന്നത ഉദ്യോഗസ്ഥനായ കേണൽ ഹിമാൻഷു ബാലിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. സൈനിക കരാറുകളുമായി ബന്ധപ്പെട്ട
അഴിമതിക്കേസിലാണ് നടപടി. സൈനിക ടെൻഡറുകൾ അനുവദിക്കുന്നതിനും, നിലവാരമില്ലാത്ത സാമ്പിളുകൾക്ക് അംഗീകാരം നൽകുന്നതിനുമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് കേണലിനെതിരെയുള്ള പ്രധാന ആരോപണം.
കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങൾ ചെയ്തുകൊടുത്തതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ‘ഈസ്റ്റേൺ ഗ്ലോബൽ ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഡയറക്ടർമാർ കേണലിന് കൈക്കൂലി നൽകിയതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ഈ വർഷമാദ്യം നടന്ന പ്രധാനപ്പെട്ട ഒരു ടെൻഡർ ഈ കമ്പനിക്ക് ലഭിച്ചത് കൈക്കൂലി നൽകിയാണെന്ന് സി.ബി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 22-ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് കേണൽ കമ്പനി പ്രതിനിധികളെ നേരിട്ട് കണ്ടിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം കരാർ കമ്പനിക്ക് അനുവദിച്ചു നൽകുകയും ചെയ്തു.
ബാക്കി തുകയായ 50 ലക്ഷം രൂപ ഹവാലാ ഇടപാടിലൂടെ കൈമാറാൻ കേണൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സി.ബി.ഐ അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേണലിനെ കൂടാതെ കരാറുകാരെയും മറ്റ് ചിലരെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്റെയും ബന്ധപ്പെട്ട കമ്പനിയുടെയും ഓഫീസുകളിലും വസതികളിലും സി.ബി.ഐ റെയ്ഡ് നടത്തി നിർണ്ണായകമായ രേഖകൾ പിടിച്ചെടുത്തു.
ഈ അഴിമതിയിൽ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസി വിശദമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

