കാസർകോട് ജില്ലയിൽ നിന്ന് നാല് യുഡിഎഫ് എംഎൽഎമാർ ഉണ്ടായിട്ടും മന്ത്രിസഭയിൽ ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ പ്രവർത്തകർ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയ മുസ്ലിം ലീഗ്-യൂത്ത് ലീഗ് മണ്ഡലം നേതാക്കൾ പ്രതിഷേധ സൂചകമായി കറുത്ത ഷർട്ട് അണിഞ്ഞാണ് എത്തിയത്. മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് സെഡ്.എ.കയ്യാർ, കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി യൂസഫ് ഉളുവാർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളി, മണ്ഡലം സെക്രട്ടറി സഹദ് അംഗടിമൊഗർ, മജീദ് പച്ചമ്പളം എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയുടെ വികാരം പ്രകടമാക്കിയത്.
മഞ്ചേശ്വരത്ത് നിന്ന് രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എ.കെ.എം. അഷ്റഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ജില്ലയിലെ പ്രവർത്തകരുടെ പൊതുവായ പ്രതീക്ഷ.
എന്നാൽ, അവസാന നിമിഷം നടന്ന ചില ഇടപെടലുകൾ ഈ സാധ്യത ഇല്ലാതാക്കിയെന്ന ആരോപണം ശക്തമാണ്. രണ്ട് പതിറ്റാണ്ടിനുശേഷം ജില്ലയ്ക്ക് മന്ത്രിപദവി ലഭിക്കുമെന്ന യുഡിഎഫ് പ്രവർത്തകരുടെ കാത്തിരിപ്പാണ് ഇതോടെ വിഫലമായത്.
അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്ത എ.കെ.എം. അഷ്റഫിന് പിന്തുണയുമായി ബിജെപി നേതാവ് കെ.
സുരേന്ദ്രൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ കാസർകോടിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടുന്നു.
കെ. സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:
‘രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്.
എന്തിനിതു പറയുന്നു എന്നു ചോദിച്ചാൽ കാസർകോടിനു ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസർകോടാണ് എന്നുള്ളതാണ്.
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ എല്ലാം മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച എ.കെ.എം.അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്’.
കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ നിരാശയിലായ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ കമന്റുകളുമായി പ്രതിഷേധം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

