ഹൈറേഞ്ചിലെ ആദ്യ അപ്പോസ്തലൻ എന്നറിയപ്പെടുന്ന മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ സ്ഥാപകൻ ഫാ. അൽഫോൻസ് മരിയ ഡി ലോസ് ഏഞ്ചൽസിന്റെ മരണത്തിന് 110 വർഷം പൂർത്തിയാകുന്നു.
1916 മേയ് 23ന് ഹൈറേഞ്ചിലെ പ്രേഷിത ദൗത്യത്തിനിടെ ബ്ലാക്ക് മലേറിയ ബാധിച്ചായിരുന്നു അന്ത്യം. 1854 മാർച്ച് 1-ന് സ്പെയിനിലെ ബിൽബാവോ രൂപതയിലെ വിസ്കയ പ്രോവിൻസിൽ സെമെയിൻ – ബാരി നാഗ എന്ന ഗ്രാമത്തിൽ ഹബിയർ ഉർക്കിയോള – തിബുർസിയ ലറെയാത്തെഗി ദമ്പതികളുടെ ഏഴാമത്തെ മകനായാണ് ഹുവാൻ ആംഗേൽ എന്ന അൽഫോൻസ് മരിയ ഡി ലോസ് ഏഞ്ചൽസ് ജനിച്ചത്.
1876-ൽ കർമലീത്താ മിഷനറിയായി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, 1883-ലാണ് ഒമ്പത് സഹവൈദികർക്കൊപ്പം വരാപ്പുഴയിലെ പള്ളിപ്പുറത്ത് സേവനത്തിനായി എത്തിയത്. തുടക്കത്തിൽ 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
1894-ൽ പള്ളിപ്പുറത്തുനിന്നും ഏകദേശം 80 മൈൽ കാൽനടയായി സഞ്ചരിച്ചാണ് അദ്ദേഹം മൂന്നാറിലെത്തിയത്. ഹൈറേഞ്ചിൽ മിഷനറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം, 1898-ൽ പ്രദേശത്തെ ആദ്യ കത്തോലിക്കാ ദേവാലയമായ മൗണ്ട് കാർമൽ പള്ളി സ്ഥാപിച്ചു.
ഹൈറേഞ്ച് മേഖലയിൽ സഭാപ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം, രോഗബാധിതനാകുന്നതുവരെ കർമ്മനിരതനായിരുന്നു. അദ്ദേഹം സ്ഥാപിച്ച ദേവാലയത്തിനുള്ളിൽ തന്നെയാണ് അദേഹത്തെ അടക്കം ചെയ്തത്.
2024-ൽ ഈ ദേവാലയം ബസിലിക്കയായി ഉയർത്തപ്പെട്ടെങ്കിലും, അൾത്താരയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഫാ. അൽഫോൻസിന്റെ കല്ലറ ഇന്നും അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നു.
ദിനംപ്രതി നിരവധി വിശ്വാസികളാണ് പ്രാർത്ഥനകൾക്കായി ഇവിടെയെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

