തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്ന ആദ്യ വ്യക്തിയല്ല വി ഡി സതീശൻ. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ, പറവൂരിന്റെ രാഷ്ട്രീയ പശ്ചാത്തലം തികച്ചും ശ്രദ്ധേയമാണ്.
1949-ൽ തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ടി കെ നാരായണപിള്ളയാണ് ഈ മണ്ഡലത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രി. ‘ടി കെ പറവൂർ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, ഐക്യ കേരളം രൂപീകൃതമാകുന്നതിന് മുൻപുള്ള തിരു-കൊച്ചിയിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്നു.
75 വർഷങ്ങൾക്ക് ശേഷം, അതേ പറവൂരിന്റെ മണ്ണിൽ നിന്ന് വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ രാഷ്ട്രീയ കേരളം പുതിയൊരു ചരിത്ര സന്ദർഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഭരണപരമായ സവിശേഷതകൾ പരിശോധിക്കുമ്പോൾ, പറവൂർ മണ്ഡലത്തിന് ധനകാര്യ വകുപ്പുമായുള്ള ബന്ധവും ചരിത്രപരമാണ്.
1970-ൽ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ ടി ജോർജ്, അക്കാലത്ത് സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വി ഡി സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ, അദ്ദേഹത്തിന്റെ കൈവശം തന്നെ ധനകാര്യ വകുപ്പും ഉണ്ടാകുമെന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ, 1982-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായിരുന്ന എ സി ജോസും പറവൂരിൽ നിന്ന് വിജയിച്ച വ്യക്തിയായിരുന്നു.
നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ പലതവണ കൈവിട്ടുപോയ അവസരങ്ങൾക്കും പദവികൾക്കും ശേഷം, വി ഡി സതീശൻ മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക വാഹനത്തിൽ യാത്ര തിരിക്കുമ്പോൾ, പറവൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അതൊരു നിർണായക അധ്യായമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

