ധരംശാലയിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 23 റൺസിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) പ്ലേ ഓഫിൽ പ്രവേശിച്ചു. 223 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ആർസിബി വെങ്കടേഷ് അയ്യരുടെയും (40 പന്തിൽ 73*), വിരാട് കോലിയുടെയും (37 പന്തിൽ 58) മികച്ച ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിലാണ് 20 ഓവറിൽ 222 റൺസ് സ്കോർബോർഡിൽ എത്തിച്ചത്. ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസും നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം പാളി. ഭുവനേശ്വർ കുമാർ തന്റെ തുടക്ക ഓവറുകളിൽ തന്നെ പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിംഗിനെയും പുറത്താക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി.
റാസിക് സലാം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂടി കൂടാരം കയറ്റിയതോടെ പഞ്ചാബ് 19-3 എന്ന നിലയിലേക്ക് തകർന്നു. ശശാങ്ക് സിങ് 27 പന്തിൽ 56 റൺസുമായി പൊരുതിയെങ്കിലും വിജയലക്ഷ്യത്തിനടുത്തെത്താനായില്ല.
മാർക്കസ് സ്റ്റോയ്നിസ് (37), കൂപ്പർ കൊണോലി (37), സൂര്യാൻഷ് ഷെഡ്ഗെ (35) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ആർസിബിക്കായി റാസിക് സലാം മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ആർസിബി പ്ലേ ഓഫിൽ ഇടംപിടിച്ചു.
തുടർച്ചയായ തോൽവികൾ തിരിച്ചടിയായ പഞ്ചാബ് 13 മത്സരങ്ങളിൽ 13 പോയിന്റുമായി നാലാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് സാധ്യതകൾ മങ്ങിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

