കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കുന്നതിന് ട്രാൻസ്ജെൻഡർ പുരുഷന് ഹൈക്കോടതി അനുമതി നൽകി. ജന്മനാ സ്ത്രീയായിരുന്ന 28 വയസ്സുള്ള ഹർജിക്കാരന്, സ്ത്രീ എന്ന നിലയിൽ പ്രത്യുത്പാദനശേഷി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നിയമവും ചട്ടങ്ങളും പ്രകാരം ദമ്പതികൾക്കും വിവാഹിതരല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഹർജിക്കാരൻ തന്റെ സ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി മാറ്റുകയും ഇതിനായി സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു.
തുടർന്ന് ഹോർമോൺ ചികിത്സയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യലുമടക്കമുള്ള നടപടികൾ പൂർത്തിയാക്കി. ഇതിനുശേഷം അണ്ഡം സൂക്ഷിക്കുന്നതിനായി എആർടി ക്ലിനിക്കിനെ സമീപിച്ചെങ്കിലും, നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ക്ലിനിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ കേന്ദ്ര സർക്കാർ എതിർത്തെങ്കിലും, കോടതി ഹർജിക്കാരന്റെ അവസ്ഥ വിശദമായി പരിശോധിച്ചു.
ഹർജിക്കാരന് ഗർഭപാത്രം ഉൾപ്പെടെയുള്ള സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവശാസ്ത്രപരമായ ലൈംഗികതയും ലിംഗസ്വത്വവും വ്യത്യസ്തമാണെന്നും, എആർടി നിയമപ്രകാരം ജൈവശാസ്ത്രപരമായി സ്ത്രീ ആണോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി തിരഞ്ഞെടുത്തതിന്റെ പേരിൽ മാത്രം ഒരാളുടെ പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയായിട്ടില്ലെന്നും കോടതി വിലയിരുത്തി.
തുടർന്നാണ് അണ്ഡം സൂക്ഷിക്കുന്നതിനായി ഏതെങ്കിലും എആർടി ബാങ്കിനെ സമീപിക്കാൻ ഹർജിക്കാരന് നിർദേശം നൽകിയത്. അതേസമയം, എആർടി നിയമത്തിന്റെ ഭരണഘടനാസാധുത ഈ കേസിൽ പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ അണ്ഡം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപരമായ തടസ്സങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാന്വൽ തയ്യാറാക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

