കണ്ണൂർ ജില്ലയിലെ തീരമേഖലകളിൽ മത്തിയുടെ വലിയ തോതിലുള്ള ലഭ്യത റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുതിയങ്ങാടി, പാലക്കോട്, തലായി ഫിഷ് ലാൻഡിങ് സെന്ററുകൾ, അഴീക്കൽ, ആയിക്കര ഹാർബറുകൾ എന്നിവിടങ്ങളിലെല്ലാം വള്ളങ്ങളിലും ബോട്ടുകളിലും മത്തി വൻതോതിൽ എത്തിത്തുടങ്ങി.
കഴിഞ്ഞ രണ്ടു വർഷമായി കേരള തീരത്ത് മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിരുന്നു. സംസ്ഥാനത്ത് 4 ലക്ഷം ടൺ വരെ ലഭിച്ചിരുന്ന മത്തി കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 30,000 ടണ്ണായി ചുരുങ്ങിയിരുന്നു.
എന്നാൽ, ഇത്തവണ അനുകൂലമായ കാലാവസ്ഥാ സാഹചര്യം മത്സ്യത്തൊഴിലാളികൾക്ക് വലിയ തോതിൽ മീൻ ലഭിക്കാൻ സഹായകമായി. തമിഴ്നാട് മുതൽ ബംഗാൾ വരെ നാല് സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും കേരളത്തിലെത്തി മത്തി ശേഖരിക്കുന്നുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഒമാൻ വരെയും സമുദ്രോപരിതല താപനില ഉയരുന്നതിനെത്തുടർന്ന് സമുദ്ര ഉഷ്ണതരംഗ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും, മത്സ്യ ലഭ്യതയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ല. മഴ ശക്തമായതോടെ തീരക്കടലിലെ ചൂട് കുറഞ്ഞതും മത്തിയുടെ വരവ് വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സൂക്ഷിക്കുന്ന രീതി:
മത്തി കേടാകാതിരിക്കാൻ വൃത്തിയാക്കി ചെറിയ പാത്രങ്ങളിൽ വെള്ളമൊഴിച്ച് ഫ്രീസറിൽ വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ രുചി വ്യത്യാസമില്ലാതെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
ഓരോ ദിവസത്തേക്കും ആവശ്യമായ അളവ് വെവ്വേറെ പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ലോകമെമ്പാടും ലഭ്യമായ കടൽമത്സ്യങ്ങളിൽ മുൻനിരയിലുള്ള ഒന്നാണ് മത്തി.
ക്ലൂപ്പിഡേ മത്സ്യക്കുടുംബത്തിൽപെട്ട ഹെറിങ് വർഗമാണിത്.
‘സർഡീൻ’ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മീനിന് ഇറ്റലിയിലെ സർഡീനിയ എന്ന ദ്വീപിന്റെ പേരുമായി ബന്ധമുണ്ട്. അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങളാണ് മത്തിയുടെ പ്രധാന ഉറവിടം.
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തീരത്താണ് ലോകത്ത് ഏറ്റവും കൂടുതൽ മത്തി ലഭിക്കുന്നത്. കേരളത്തിലെ മത്സ്യലഭ്യതയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എറണാകുളം ഒന്നാമതും കൊല്ലം, കോഴിക്കോട് ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്.
കണ്ണൂർ ജില്ല നാലാം സ്ഥാനത്താണ്. ഇപ്പോൾ ലഭിക്കുന്ന മത്തിയിൽ മുട്ടയുണ്ട്.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഇതിന്റെ സീസൺ. ജൂൺ–ജൂലൈ മാസങ്ങൾ പ്രജനന കാലവുമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, കാൽസ്യം, വൈറ്റമിൻ ഡി, ബി 12 എന്നിവയാൽ സമ്പന്നമായ മത്തി ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്നു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി സാധാരണയായി കണ്ടുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

