ഐപിഎല്ലിലെ റൺവേട്ടക്കാർക്കുള്ള ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കുന്നതിനായുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തമ്മിൽ നടന്നത് കടുത്ത മത്സരം. ഒടുവിൽ രണ്ട് റൺസ് ലീഡിൽ സായ് സുദർശൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
മത്സരത്തിനിടയിൽ പലതവണയാണ് ഈ പദവി കൈമാറ്റം ചെയ്യപ്പെട്ടത്. ആദ്യം ഓപ്പണറായി ഇറങ്ങിയ സായ് സുദർശന്റെ തലയിലെത്തിയ ക്യാപ്, പിന്നീട് കൈമുട്ടിന് പരിക്കേറ്റ് താരം മടങ്ങിയതോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിലേക്ക് മാറി.
ഗിൽ അർധസെഞ്ചുറി പൂർത്തിയാക്കി മികച്ച ഫോമിൽ മുന്നേറിയതോടെ അദ്ദേഹം പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ, പരിക്കിൽ നിന്ന് മുക്തനായി വീണ്ടും ക്രീസിലെത്തിയ സായ് സുദർശൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ കാമറൂൺ ഗ്രീനിനെ സിക്സറിന് പറത്തി അർധസെഞ്ചുറി തികച്ചതോടെ ഗില്ലിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.
13 മത്സരങ്ങളിൽ നിന്ന് 157.83 സ്ട്രൈക്ക് റേറ്റിലും 46.17 ശരാശരിയിലും 554 റൺസെടുത്താണ് സുദർശൻ ഒന്നാമനായത്. കൊൽക്കത്തയ്ക്കെതിരെ 49 പന്തിൽ 85 റൺസെടുത്ത ശുഭ്മാൻ ഗിൽ 12 മത്സരങ്ങളിൽ നിന്ന് 160.46 സ്ട്രൈക്ക് റേറ്റിലും 46 ശരാശരിയിലും 552 റൺസെടുത്ത് രണ്ടാം സ്ഥാനത്താണ്.
ഇതോടെ ഹെൻറിച്ച് ക്ലാസൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 മത്സരങ്ങളിൽ നിന്ന് 508 റൺസാണ് ക്ലാസനുള്ളത്.
വിരാട് കോലി നാലാം സ്ഥാനത്തും (12 മത്സരങ്ങളിൽ 484 റൺസ്), 209.13 സ്ട്രൈക്ക് റേറ്റുമായി ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ അഞ്ചാം സ്ഥാനത്തുമാണ്. കെ എൽ രാഹുൽ 477 റൺസുമായി പട്ടികയിലുണ്ട്.
ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസൺ 12 മത്സരങ്ങളിൽ നിന്ന് 450 റൺസുമായി എട്ടാം സ്ഥാനം നിലനിർത്തി. സായ് സുദർശൻ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നുവെങ്കിലും മത്സരം 29 റൺസിന് ഗുജറാത്ത് പരാജയപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

